കണ്ണൂർ> പാർടി കോൺഗ്രസിന്റെ ആവേശം അടങ്ങുന്നില്ല രവിസിങ്ങിന്റെ വാക്കുകളിൽ. ഉത്തർപ്രദേശ് സ്വദേശിയായ ഈ ഇരുപത്തിനാലുകാരൻ ചെങ്കൊടിയേന്താൻ തുടങ്ങിയിട്ട് ആറുവർഷമാവുന്നു. എങ്ങനെ പാർടിപ്രവർത്തകനായി എന്ന ചോദ്യത്തിന് രവിസിങ്ങിന്റെ കൈയിൽ വ്യക്തമായ ഉത്തരമുണ്ട്. ‘‘പാർടിയെന്താണെന്ന് കണ്ടുവളർന്ന കുട്ടിക്കാലമാണ് കണ്ണൂരിൽ എനിക്ക് കിട്ടിയത്.
ഈനാട്ടിൽ പാർടിക്കാർ ചെയ്യുന്ന പ്രവർത്തനങ്ങൾ കണ്ടാണ് അവർക്കൊപ്പം നടക്കാൻ തുടങ്ങിയത്. പാർടി കോൺഗ്രസ് ആദ്യത്തെ അനുഭവമാണ്. ഇത് ഞങ്ങൾ വലിയ സംഭവമാക്കും. ’’ ഹിന്ദി ചുവയുള്ള മലയാളത്തിൽ രവിസിങ് പറഞ്ഞു. ഉത്തർപ്രദേശിലെ ഖൊരക്പൂരിൽനിന്ന് പത്തുവർഷം മുമ്പ് അച്ഛൻ അർജുൻസിങ്ങിനൊപ്പം കണ്ണൂരിലെത്തിയതാണ്. 18ാം വയസിൽ സിപിഐ എം കണ്ണൂർ ടൗൺ വെസ്റ്റ് ബ്രാഞ്ചംഗമായി. റെഡ്വളണ്ടിയറും ഡിവൈഎഫ്ഐ പയ്യാമ്പലം യൂണിറ്റ് സെക്രട്ടറിയുമാണ്.
ചാലാട് യുപി, ചൊവ്വ ഹയർ സെക്കൻഡറി, ടൗൺ ഹയർസെക്കൻഡറി എന്നിവിടങ്ങളിലാണ് പഠിച്ചത്. ഇപ്പോൾ കോളേജ് ഓഫ് കൊമേഴ്സിൽ അവസാനവർഷ ബികോം വിദ്യാർഥി. പഠനത്തിനൊപ്പം പെയിന്റിങ് ജോലിയും ചെയ്യുന്നു. ‘‘ഉത്തർപ്രദേശിലെ കൃഷി നോക്കിനടത്താൻ അമ്മ ഹിർമതി പോയിരിക്കയാണ്. അവിടെ പഠിച്ച ചെറുപ്പക്കാർക്കുപോലും ജോലിയില്ല. ഇവിടത്തെപ്പോലെ പഠനത്തിന് ക്വാളിറ്റിയില്ലല്ലോ …ഇവിടെ പഠിച്ചാൽ എവിടെയും ജോലിചെയ്യാം’’ –- രവിസിങ് പറഞ്ഞു. അനുജൻ അമൽ സിങ്ങിനുമൊപ്പം പടന്നപ്പാലത്തെ സ്വന്തം വീട്ടിലാണ് താമസം.