തിരുവനന്തപുരം > സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാന വാർഷിക പദ്ധതി നടത്തിപ്പിൽ വൻ നേട്ടം. ശനി ഉച്ചവരെ പദ്ധതിച്ചെലവ് 92 ശതമാനം കടന്നു. ഞായർ ഉൾപ്പെടെ ധനവർഷത്തിന്റെ അവസാന നാളുകളിലും ട്രഷറികൾ പ്രവർത്തിക്കുന്നതിനാൽ ഇനിയും ഉയരുമെന്നാണ് ധനവകുപ്പ് പ്രതീക്ഷ.
സംസ്ഥാന പദ്ധതി അടങ്കൽ 20,330 കോടി രൂപയാണ്. ട്രഷറി ചെലവ് 18,418.44 കോടി. 90.6 ശതമാനം. മാറിനൽകാനുള്ള ബില്ലുകളും ചേർന്ന തുകയാണിത്. 30ന് വൈകിട്ട് അഞ്ചുവരെ ലഭിക്കുന്ന എല്ലാ ബില്ലുകളും മാറിനൽകാനും ട്രഷറികൾക്ക് നിർദേശമുണ്ട്. തദ്ദേശ സ്ഥാപന പദ്ധതി വിഹിതത്തിൽ 6833.1 കോടി രൂപയുടെ ബില്ലുകൾ മാറി. യഥാർഥ പദ്ധതി അടങ്കൽ 6366.53 കോടിയും. ഇതുവരെ ചെലവ് 107 ശതമാനം. ഇവ രണ്ടുംചേർന്ന സംസ്ഥാന വാർഷിക പദ്ധതിയാണ് 92 ശതമാനം കടന്നത്.
പൊതുമരാമത്തിൽ ചെലവ് അടങ്കലിന്റെ മൂന്നിരട്ടിക്കടുത്തായി. 2767 കോടി. ഗതാഗതത്തിൽ 257 ശതമാനം നിർവഹണം–- 863 കോടി. ആരോഗ്യത്തിൽ 134 ശതമാനവും–- 1989 കോടി. കയർ, കശുവണ്ടി വ്യവസായം, കൃഷി, ഫിഷറീസ്, സാമൂഹ്യനീതി തുടങ്ങിയ വകുപ്പുകളുടെയെല്ലാം പദ്ധതി ലക്ഷ്യത്തിലെത്തി.
കേന്ദ്രാവിഷ്കൃത പദ്ധതികളിൽ മാത്രമാണ് പ്രതീക്ഷിത പുരോഗതിയുണ്ടാകാഞ്ഞത്. 9433 കോടിയുടെ പദ്ധതി വിഭാവനം ചെയ്തെങ്കിലും വകുപ്പുകളുടെ കണക്കിൽ ചെലവ് 6644 കോടിയാണ്. 71 ശതമാനം.
പദ്ധതി വെട്ടിക്കുറച്ചില്ല
മഹാപ്രളയം, കോവിഡ്, വികല കേന്ദ്രനയം എന്നിവ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലും പദ്ധതി വെട്ടിച്ചുരുക്കാതെ പൂർത്തീകരിക്കാനാകുന്നത് വലിയ നേട്ടമായി. 2004ൽ എ കെ ആന്റണി സർക്കാർ പദ്ധതി 30 ശതമാനംവരെ വെട്ടിച്ചുരുക്കിയിരുന്നു. തുടർന്നുവന്ന യുഡിഎഫ് സർക്കാരുകളും ഇത് പതിവാക്കി. എൽഡിഎഫ് സർക്കാരുകൾ ഇക്കാര്യത്തിൽ തിരുത്തൽ നടപടികളെടുത്തു. മഹാപ്രളയമുണ്ടായ 2019–-20ൽമാത്രമാണ് 80 ശതമാനത്തിൽ താഴെയായത്.