തിരുവനന്തപുരം> ദേശീയ നഗര ഉപജീവന പദ്ധതി(എൻയുഎൽഎം)യുടെ സ്പാർക്ക് റാങ്കിങ്ങിൽ കേരളത്തെ ഒന്നാം റാങ്കിലെത്തിച്ചത് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾ. നഗരസഭകളുമായി ചേർന്ന് വൈവിധ്യമാർന്ന പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കിയത്.
തൊഴിൽ ലഭ്യമാക്കൽ, സംരംഭങ്ങൾക്ക് ധനസഹായം, അയൽക്കൂട്ടങ്ങൾക്ക് വായ്പയും പലിശ സബ്സിഡിയും തുടങ്ങിയ സുപ്രധാന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കുടുംബശ്രീ നഗരങ്ങളിലെ ദാരിദ്ര്യ ലഘൂകരണത്തിന് നേതൃത്വം നൽകി. എൻയുഎൽഎമ്മിന്റെ ഭാഗമായി നഗരങ്ങളിൽ പുതിയ അയൽക്കൂട്ടം രൂപീകരിച്ച് പതിനായിരം രൂപ റിവോൾവിങ് ഫണ്ട് നൽകുന്നു. എഡിഎസുകൾക്ക് ഇത് 50,000 രൂപയാണ്. നഗര ഉപജീവന കേന്ദ്രങ്ങൾ ആരംഭിക്കുകയും നൈപുണി പരിശീലനം നൽകുകയും ചെയ്തു. നഗര ദരിദ്രർക്കായി 27 ഷെൽട്ടർ ഹോം ഇതിനകം പൂർത്തീകരിച്ചു. സർവേയിലൂടെ കണ്ടെത്തിയ തെരുവ് കച്ചവടക്കാർക്ക് പിഎം സ്വാനിധി പദ്ധതി വഴി വായ്പയും തിരിച്ചറിയൽ കാർഡും ലഭ്യമാക്കി.
2020–-21 ലെ പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിച്ചത്. 2184 അയൽക്കൂട്ടം ഇക്കാലയളവിൽ രൂപീകരിച്ചു. 5896 അയൽക്കൂട്ടത്തിന് ലിങ്കേജ് ലോൺ ലഭ്യമാക്കി. 2765 അയൽക്കൂട്ടത്തിന് റിവോൾവിങ് ഫണ്ടും നൽകി. 1006 സംരംഭം ആരംഭിച്ചു. അഞ്ച് ഷെൽട്ടർ ഹോമും നാല് നഗര ഉപജീവന കേന്ദ്രവും പൂർത്തിയാക്കി. 7072 പേർക്ക് സ്വാനിധി വായ്പ നൽകി. 2654 പേർക്കാണ് നൈപുണി പരിശീലനം നൽകിയത്. 58.89 കോടി രൂപ പദ്ധതികൾക്കായി ചെലവിട്ടു.