വൈപ്പിൻ > നാലുപതിറ്റാണ്ടായി അലക്സ് താളുപ്പാടത്തിന്റെ ജീവിതം ചവിട്ടുനാടകത്തിന് വേണ്ടിയാണ്. നാട്ടിലും വിദേശത്തുമായി നാനൂറിലേറെ ശിഷ്യരുണ്ടെന്നതുതന്നെ ആ സമർപ്പണത്തിന്റെ സാക്ഷ്യപത്രം. ചെറുപ്രായത്തിൽത്തന്നെ ചവിട്ടുനാടക കലാകാരനായ അലക്സ് ആ കലാരൂപത്തിന്റെ പ്രചാരണം ദൗത്യമായി ഏറ്റെടുക്കുകയായിരുന്നു. കാറൽമാൻ ചരിതത്തിലെ അഞ്ചേലിക്ക എന്ന നാടകത്തിൽ റോൾദോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു രംഗപ്രവേശം. തുടർന്ന് മുന്നൂറോളം വേദികളിൽ വേഷമിട്ടു. പള്ളിപ്പുറം ബാലകലാലയം, സെന്റ് ആന്റണീസ് യുവജന കലാസമിതി, സെന്റ് റോക്കീസ് നൃത്തകലാഭവൻ എന്നീ സമിതികളിൽ പ്രവർത്തിച്ചു.
2015 മുതൽ സെന്റ് റോക്കീസ് നൃത്തകലാഭവന്റെ മുഖ്യസംഘാടകനും സംവിധായകനുമാണ്. കേരളത്തിൽ ആദ്യമായി വനിതകൾമാത്രമായി ഒരു ചവിട്ടുനാടകസംഘത്തെ വാർത്തെടുത്തു. ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിച്ച് അവരുടെ പ്രശ്നങ്ങൾ പ്രധാന പ്രമേയമായി അരങ്ങിലെത്തിച്ചു. സ്കൂൾ കലോത്സവവേദികളിൽ വിധികർത്താവായും കേരളത്തിലെ പല ജില്ലകളിലെ സ്കൂളുകളിലും ചവിട്ടുനാടക പരിശീലകനായും പ്രവർത്തിച്ചു. ചവിട്ടുനാടകം ആദ്യമായി വിദേശത്ത് പ്രവാസികളെ പഠിപ്പിച്ച് ഒരു ട്രൂപ്പ് ആരംഭിക്കാൻ കഴിഞ്ഞു.
ദൈവത്തിനൊരു പൂവ് (ഭിന്നശേഷിക്കാർ), ഝാൻസിറാണിയുടെ ജീവിതം ആസ്പദമാക്കിയ മണികർണിക, വെളിച്ചത്തിന്റെ കർമസാരഥി (വൈപ്പിൻകരയുടെ ചരിത്രം) എന്നിവ അലക്സിന്റെ രചനയിലൂടെ അവതരിപ്പിച്ച ചവിട്ടുനാടകങ്ങളാണ്. സാമൂഹ്യപ്രവർത്തകനും പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനറുമാണ്. ഇപ്പോൾ സർക്കാർ നടപ്പാക്കുന്ന അതിദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയയിൽ കിലയുടെ റിസോഴ്സ് പേഴ്സണായും പ്രവർത്തിക്കുന്നു. 2019ൽ കേരള ഫോക്ലോർ അക്കാദമി അവാർഡിന് അർഹനായി. ഭാര്യ ഡിലറ്റ്, കോട്ടപ്പുറം സെന്റ് ആൻസ് ഹൈസ്കൂൾ അധ്യാപികയാണ്. മക്കളായ അമൃത അലക്സും തോമസ് ആൽവിൻ അലക്സും ബിരുദവിദ്യാർഥികളും.