തൃപ്പൂണിത്തുറ> അരങ്ങ് പകര്ന്ന ചൂടും ചൂരുമാണ് മരട് ജോസഫ് എന്ന കലാകാരനെ 92-ാം വയസ്സിലും ആവേശത്തോടെ നയിക്കുന്നത്. 1950-ല് പി ജെ ആന്റണിക്കൊപ്പം ആരംഭിച്ചതാണ് പ്രൊഫഷണല് നാടകവേദിക്കൊപ്പമുള്ള യാത്ര. 2010 വരെ അരങ്ങുകളില് സജീവം. ‘നാടകമേ ജീവിതം’ എന്ന് പൂര്ണമായും അടയാളപ്പെടുത്താവുന്ന ജീവിതം. ലോക നാടകദിനത്തില് എഡ്ഡി മാസ്റ്റര് പുരസ്കാരം ഇദ്ദേഹം ഏറ്റുവാങ്ങും. ഇത് രണ്ടാംതവണയാണ് എഡ്ഡി മാസ്റ്റര് പുരസ്കാരം ഈ പ്രതിഭയെ തേടിയെത്തുന്നത്. അഭിനയത്തിനൊപ്പം പാട്ടിനെയും കൂടെക്കൂട്ടിയ മരട് ജോസഫ് വിപ്ലവകേരളത്തെ എന്നും ആവേശഭരിതമാക്കിയ ‘ബലികുടീരങ്ങളെ’ ആലപിച്ച സംഘത്തിലെ കലാകാരനാണ്. തോപ്പില് ഭാസി, എന് എന് പിള്ള, കെ ടി മുഹമ്മദ് തുടങ്ങിയ സംവിധായകര്ക്കൊപ്പം പ്രവര്ത്തിച്ചു. നിരവധി പുരസ്കാരങ്ങളും തേടിയെത്തി.
തൃപ്പൂണിത്തുറ അഞ്ചുതൈക്കല് സേവ്യറിന്റെയും ട്രീസയുടെയും എട്ടുമക്കളില് മൂത്തയാളായ ജോസഫ്, നാലു വയസ്സുള്ളപ്പോള് മാലാഖയുടെ വേഷമിട്ടാണ് ആദ്യമായി അരങ്ങിലെത്തിയത്. പി ജെ ആന്റണിയെ കണ്ടുമുട്ടിയതോടെ നാടകം ശ്വാസംപോലെ ഒപ്പംകൂടി. ‘ചാരിതാര്ഥ്യം’ നാടകത്തിലെ പാട്ടിന്റെ അനുപല്ലവി തെറ്റായി ആലപിച്ചത്ചൂണ്ടിക്കാട്ടിയ പി ജെ ആന്റണി ആദ്യം ദേഷ്യപ്പെട്ടു. പിന്നീട് അത് വലിയ സൗഹൃദമായി വളര്ന്നു. ജോസഫ് എറണാകുളം പ്രതിഭ ആര്ട്സ് ക്ലബ്ബിലെ നടനായതിനുപിന്നിലും പി ജെ ആന്റണി തന്നെ. ‘വിശപ്പ്’ നാടകത്തിലെ വിശപ്പ് എന്ന കഥാപാത്രമായിട്ടായിരുന്നു തുടക്കം. തുടര്ന്ന് തോപ്പില്ഭാസിയുടെ ‘ വിശക്കുന്ന കരിങ്കാലി’യിലൂടെ അഭിനയരംഗത്ത് ചുവടുറപ്പിച്ചു.
തൃപ്പൂണിത്തുറ സെന്റ് ജോസഫ് കോണ്വന്റ് സ്കൂളിനു കിഴക്കുഭാഗത്തുള്ള പഴയ വീട്ടില് ഭാര്യ മേരിക്കും മകള് മെര്ട്ടിലിനുമൊപ്പമാണ് കഴിയു?ന്നത്.