ചക്കരക്കൽ (കണ്ണൂർ)> ജനാധിപത്യത്തിന്റെ നാലാംതൂണുകൾ ഇപ്പോൾ അഞ്ചാംപത്തിയായാണ് പ്രവർത്തിക്കുന്നതെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ ശശികുമാർ പറഞ്ഞു. ജനത്തിനും ജനാധിപത്യത്തിനും വിരുദ്ധമായി പ്രവർത്തിക്കാൻ മാധ്യമങ്ങൾക്ക് അവകാശമില്ല. ഇത് ജനാധിപത്യത്തെ അപകടത്തിലാക്കിയിരിക്കുന്നു. സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി ചക്കരക്കല്ലിൽ ‘മാധ്യമങ്ങളും സാമൂഹ്യപ്രതിബദ്ധതയും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങളെല്ലാം കവരുകയാണ്. ഇത് ചോദ്യം ചെയ്യാൻ മാധ്യമങ്ങളില്ല. ഏകപക്ഷീയ വാർത്തകളാണ് ഉൽപ്പാദിപ്പിക്കുന്നത്. മറുഭാഗത്തിന്റെ വാദം ഒരിക്കലും ജനങ്ങളിൽ എത്തുന്നില്ല. ജനങ്ങൾക്ക് മാധ്യമങ്ങളിൽ വിശ്വാസമില്ലാതായി. സാമൂഹ്യമാധ്യമങ്ങളുടെ അതിപ്രസരം ഇതിന്റെ ആക്കം കൂട്ടുന്നു. സിൽവർ ലൈൻ വിഷയത്തിലും മാധ്യമ ഗൂഢാലോചനയാണ് നടക്കുന്നത്.
ന്യൂസ് റൂമുകളിലെല്ലാം മറ്റുള്ളവർ നൽകിയ വാർത്ത എന്തുകൊണ്ട് നമുക്കില്ല എന്നാണ് ചോദ്യം.
ഒരേ വാർത്തകളും തലക്കെട്ടുകളുമാണ് എല്ലാറ്റിലും നിരക്കുന്നത്. പുതുപാത തുറക്കാൻ മാധ്യമങ്ങൾക്കാകുന്നില്ല. ഇത്തരം ജീർണതയ്ക്കെതിരെ വെല്ലുവിളിയായി മാധ്യമങ്ങൾ തന്നെ ഉയരണം. സമൂഹത്തിലെ തെറ്റുകളും കുറ്റങ്ങളും ചൂണ്ടിക്കാണിക്കുന്നവർക്ക് തിരിച്ചറിവ് വേണം. ജനങ്ങൾക്ക് അറിവ് പകരുന്ന വാർത്തകൾ നൽകണം. ലോകത്തിനാകെ മാതൃകയാകുംവിധം മാധ്യമ നവീകരണ ശ്രമങ്ങൾ (മീഡിയ റിഫോം മൂവ്മെന്റ്) പുരോഗമന പ്രസ്ഥാനങ്ങൾ മുൻകൈയെടുത്ത് ആരംഭിക്കണമെന്നും ശശികുമാർ പറഞ്ഞു.