തിരുവനന്തപുരം > സിൽവർ ലൈൻ അർധഅതിവേഗ പാത സംബന്ധിച്ച് ഉന്നയിച്ച പ്രധാന സംശയങ്ങൾക്കും വിശദാംശങ്ങൾക്കും കെ–-റെയിൽ നൽകിയ മറുപടികളിൽ റെയിൽവേക്ക് തൃപ്തി. പദ്ധതി സംബന്ധിച്ച് റെയിൽവേ ആവശ്യപ്പെട്ട 95 ശതമാനം കാര്യങ്ങളിലും മറുപടി നൽകി. ഇവയിൽ കൂടുതൽ ചോദ്യങ്ങളുണ്ടായില്ല. റെയിൽവേ ഭൂമി സംബന്ധിച്ച സംയുക്ത പരിശോധനാ റിപ്പോർട്ടാണ് ഇനി നൽകാനുള്ളത്. അവ നടക്കുകയാണ്. അതേസമയം, രാഷ്ട്രീയതലത്തിൽ പ്രധാനമന്ത്രിയുൾപ്പെടെ പദ്ധതിയുടെ അനുമതി സംബന്ധിച്ച് അന്തിമ തീരുമാനമെടുത്താൽ മാത്രമേ റെയിൽവേ ബോർഡിന് അനുകൂല നിലപാട് പരസ്യപ്പെടുത്താനാകു.
സർവീസ് ആരംഭിക്കുമ്പോഴുള്ള വരുമാനം, വരുമാനത്തിന്റെ ക്രമാനുഗത വളർച്ച, വായ്പാ ലഭ്യതയും തിരിച്ചടവും, യാത്രക്കാർ പാത ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കണക്ക്, നിർമാണ സാമഗ്രികളുടെ ലഭ്യത, സാങ്കേതിക വിശദീകരണങ്ങൾ തുടങ്ങിയവയിലാണ് പല കത്തുകളിലൂടെയും മറ്റും റെയിൽവേ വിശദാംശങ്ങള് ആവശ്യപ്പെട്ടത്. ഡിസംബറിൽ റെയിൽവേ ബോർഡ് അധികൃതരും കെ–-റെയിൽ എംഡിയുൾപ്പെടെ നടത്തിയ കൂടിക്കാഴചയിലും ചില വിശദീകരണങ്ങൾ ചോദിച്ചിരുന്നു.
ഇക്കാര്യങ്ങൾക്കും വ്യക്തമായ മറുപടി നൽകി. കഴിഞ്ഞ ദിവസങ്ങളിൽ എം ഡി അജിത്കുമാർ തന്നെ ബോർഡ് ചെയർമാനുൾപ്പെടെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. പദ്ധതിക്ക് മറ്റ് തടസ്സങ്ങൾ ഇല്ലെന്ന നിലപാടിലാണ് റെയില്വേയും. മുംബൈ–-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി സംബന്ധിച്ചും റെയിൽവേ സമാന ചോദ്യാവലികൾ തയ്യാറാക്കി വച്ചിരുന്നു. പക്ഷെ, പദ്ധതിക്ക് രാഷ്ട്രീയതലത്തിൽ വേഗത്തിൽ തീരുമാനമുണ്ടാകുകയും അനുമതി നൽകുകയും ചെയ്തതിനാൽ കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതെ നടപ്പാക്കലിലേക്ക് കടക്കുകയായിരുന്നു.