തിരുവനന്തപുരം> പൊതുവിദ്യാലയങ്ങളില്നിന്ന് വിരമിക്കുന്ന അധ്യാപകരുടെ കഴിവും സേവനവും തുടര്ന്നും സൗജന്യമായി ഉപയോഗപ്പെടുത്തുന്നതിന് റിസോഴ്സ് ബാങ്ക് രൂപീകരിക്കുമെന്ന് മന്ത്രി വി ശിവന്കുട്ടി. സംസ്ഥാന അധ്യാപക അവാര്ഡ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്ഡ്, വിദ്യാരംഗം കലാസാഹിത്യ അവാര്ഡ് എന്നിവയുടെ വിതരണോദ്ഘാടനം നിര്വഹിക്കുകയായിയിരുന്നു മന്ത്രി.
വിരമിക്കുന്നവരില് സൗജന്യ സേവനം നല്കാന് താല്പ്പര്യമുള്ള അധ്യാപകരെയാണ് പൊതുവിദ്യാഭ്യാസ രംഗത്ത് ഉപയോഗപ്പെടുത്തുക. താല്പ്പര്യമുള്ളവര്ക്ക് അധ്യാപക റിസോഴ്സ് ബാങ്കില് രജിസ്റ്റര് ചെയ്യാം. അടുത്ത അധ്യയന വര്ഷംമുതല് പദ്ധതി നടപ്പാക്കുന്നത് പരിഗണനയിലാണ്. സംസ്ഥാന അവാര്ഡ് നേടിയ അധ്യാപകര്ക്ക് പാഠ്യപദ്ധതി പരിഷ്കരണത്തില് വലിയ സംഭാവനകള് നല്കാനാകും. ഇതിനായി അവാര്ഡ് ജേതാക്കളെ ഉള്പ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരണ ക്യാമ്പ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനായി. സ്കൂള്, ഹയര്സെക്കന്ഡറി, വൊക്കേഷണല് ഹയര് സെക്കന്ഡറി വിഭാഗങ്ങളിലായി 41 അധ്യാപകര് പുരസ്കാരം ഏറ്റുവാങ്ങി.
പൊതു വിദ്യാഭ്യാസ ഡയറക്ടര് കെ ജീവന് ബാബു, എസ്സിഇആര്ടി ഡയറക്ടര് ഡോ. ആര് കെ ജയപ്രകാശ്, എസ്എസ്കെ ഡയറക്ടര് എ ആര് സുപ്രിയ, കൈറ്റ് സിഇഒ കെ അന്വര് സാദത്ത്, സീമാറ്റ് ഡയറക്ടര് സാബു തോട്ടുങ്കല്, എസ്ഐഇടി ഡയറക്ടര് ബി അബുരാജ്, പൊതുവിദ്യാഭ്യാസ അഡീഷണല് ഡയറക്ടര് (ജനറല്) സി എ സന്തോഷ്, ഹയര് സെക്കന്ഡറി വിഭാഗം (അക്കാദമിക്) ജോയിന്റ് ഡയറക്ടര് ആര് സുരേഷ്കുമാര്, വൊക്കേഷണല് ഹയര് സെക്കന്ഡറി വിഭാഗം (കരിക്കുലം) ഡെപ്യൂട്ടി ഡയറക്ടര് ടി വി അനില്കുമാര് എന്നിവര് സംസാരിച്ചു.