തിരുവനന്തപുരം> ‘രാജ്യത്തെ രക്ഷിക്കൂ ജനങ്ങളെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി ട്രേഡ് യൂണിയനുകൾ ആഹ്വാനംചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് ഞായർ രാത്രി 12ന് ആരംഭിക്കും. ചൊവ്വ രാത്രി 12 വരെയാണ് പണിമുടക്ക്. 22 തൊഴിലാളി സംഘടന അണിനിരക്കുന്ന സമരത്തിൽ സംസ്ഥാനവും നിശ്ചലമാകും. വാഹനം ഓടില്ല. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കും. കർഷക, കർഷകത്തൊഴിലാളി സംഘടനകളും കേന്ദ്ര–- സംസ്ഥാന സർവീസ് സംഘടനകളും അധ്യാപക സംഘടനകളും ബിഎസ്എൻഎൽ, എൽഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകളും തുറമുഖ തൊഴിലാളികളും പണിമുടക്കും.
സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാതെയും ട്രെയിൻ യാത്ര ഒഴിവാക്കിയും പൊതുജനം പണിമുടക്കിനോട് സഹകരിക്കണമെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി അഭ്യർഥിച്ചിട്ടുണ്ട്. പാൽ, പത്രം, ആശുപത്രി, ആംബുലൻസ്, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിന് മുന്നോടിയായി ശനിയാഴ്ച തൊഴിലാളികൾ സംസ്ഥാന വ്യാപകമായി വിളംബരജാഥകളും പന്തംകൊളുത്തി പ്രകടനങ്ങളും സംഘടിപ്പിച്ചു. പണിമുടക്കുന്ന തൊഴിലാളികൾ സമരകേന്ദ്രങ്ങളിൽ അണിനിരക്കും. ഓരോ ജില്ലയിലും 25ൽ കുറയാത്ത സമരകേന്ദ്രമുണ്ടാകും. തലസ്ഥാനത്തെ കേന്ദ്രത്തിൽ അയ്യായിരത്തിലധികം തൊഴിലാളികൾ മുഴുവൻ സമയംപങ്കെടുക്കും. പൊതുയോഗം തിങ്കൾ പകൽ 11ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്യും. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ അധ്യക്ഷനാകും.