മംഗളൂരു> ഉഡുപ്പി ക്ഷേത്രത്തിൽ ഉത്സവത്തിന് കട നടത്താൻ മുസ്ലിങ്ങളെ വിലക്കിയ തിട്ടൂരം കർണാടകത്തിലാകെ വ്യാപിപ്പിക്കാൻ സംഘപരിവാർ. സംസ്ഥാനത്ത് ഉത്സവം നടക്കുന്ന മിക്ക ക്ഷേത്രങ്ങളുടെയും മുന്നിൽ മുസ്ലിങ്ങളെ കച്ചവടം ചെയ്യുന്നതിൽനിന്ന് വിലക്കി ബോർഡ് പ്രത്യക്ഷപ്പെട്ടു. മുസ്ലിമായ ബൊപ്പ ബ്യാരിയുടെ നേതൃത്വത്തിൽ നിർമിച്ച പ്രശസ്തമായ ബൊപ്പനാട് ക്ഷേത്രത്തിനടുത്തും ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചത് വൻ പ്രതിഷേധത്തിനിടയാക്കി.
മുസ്ലിമുകൾക്ക് കടകൾ നൽകിയാൽ നേരിടുമെന്നും ക്ഷേത്രപരിസരത്ത് മുസ്ലിം കടകൾ വിലക്കി സർക്കാർ നിയമം കൊണ്ടുവരണമെന്നും വിശ്വഹിന്ദു പരിഷത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബോർഡുമായി ബന്ധമില്ലെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു. ലേലംകൊണ്ട 50 കട ഏറ്റെടുക്കുന്നില്ലെന്ന് പറഞ്ഞ് മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ സ്വയം പിന്മാറുകയായിരുന്നുവെന്ന് ട്രസ്റ്റംഗം ദുർഗണ്ണ സാവന്ത് പറഞ്ഞു. കൊല്ലൂർ മുകാംബിക ക്ഷേത്ര പരിസരത്തും ഇത്തരം നിരോധനം നടപ്പാക്കണമെന്ന് സംഘപരിവാർ പഞ്ചായത്തിനുംക്ഷേത്ര ഭരണസമിതിക്കും കത്ത് നൽകി.