മൂന്നാര് > അവധിദിനങ്ങള് ആസ്വദിക്കാന് വിനോദസഞ്ചാരികള് കൂട്ടമായി എത്തിയതോടെ തിരക്കിലമര്ന്ന് മാട്ടുപ്പെട്ടി. രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്കിനെ തുടര്ന്ന് ടൂറിസം മേഖല പൂര്ണമായി നിശ്ചലമാകുമെന്ന് മുന്നില്ക്കണ്ടാണ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സഞ്ചാരികള് മൂന്നാറില് എത്തുന്നത്. പ്രധാന വിനോദകേന്ദ്രമായ മാട്ടുപ്പെട്ടിയില് പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനും മാട്ടുപ്പെട്ടി അണക്കെട്ടില് ബോട്ടിങ് നടത്തുന്നതിനുമാണ് പ്രധാനമായും വിനോദസഞ്ചാരികള് സമയം ചെലവഴിക്കുന്നത്.
രാവിലെ മുതല് ബോട്ടില് കയറുന്നതിനായി നീണ്ടനിര തന്നെയായിരുന്നു. ഹൈഡല് ടൂറിസവും ഡിടിപിസിയും സന്ദര്ശകര്ക്കായി ബോട്ടിങ് സൗകര്യം ഏര്പ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള് പാലിച്ചും യാത്രക്കാര്ക്ക് സുരക്ഷ ഒരുക്കിയുമാണ് ബോട്ടിങ്. ബോട്ടിങ്ങിനിടെ അണക്കെട്ടിന് സമീപം കാട്ടാനകളെത്തുന്നത് സന്ദര്ശകര്ക്ക് വിസ്മയക്കാഴ്ചയാണ്. ബോട്ടിലിരുന്നുതന്നെ കാട്ടാനകളുടെ ചിത്രം മൊബൈലില് പകര്ത്താനും ആളുകള് മത്സരിക്കുന്നു.
ഹൈഡല് ടൂറിസത്തിന്റെ ഏഴ് സ്പീഡ് ബോട്ടുകളും ഡിടിപിസിയുടെ നാല് സ്പീഡ് ബോട്ടുകളുമാണ് ഇവിടെയുള്ളത്. അഞ്ച് പേര്ക്ക് ഇരിക്കാവുന്ന ബോട്ടിന് 15 മിനിറ്റിന് 910 രൂപയാണ് നിരക്ക്. 20 പേര്ക്ക് യാത്ര ചെയ്യാവുന്ന പൊന്ടൂണ് ബോട്ടിന് 1720 രൂപയും. 40 പേര്ക്ക് സഞ്ചാരിക്കുന്ന ആകര്ഷണീയമായ കശ്മീരി ശിക്കാര ബോട്ടിന് അര മണിക്കൂര് നേരത്തേക്ക് ഒരാളില്നിന്ന് 150 രൂപയാണ് ഇടാക്കുന്നത്. കൂടാതെ കുണ്ടള അണക്കെട്ടിലും ഹൈഡല് ടൂറിസത്തിന്റെ നേതൃത്വത്തില് 10 പെഡല് ബോട്ടും സഞ്ചാരികള്ക്കായി ഒരുക്കിയിട്ടുണ്ട്. രണ്ട് പേര്ക്ക് സഞ്ചരിക്കാവുന്ന പെഡല് ബോട്ടിന് അര മണിക്കൂറിന് 400 രൂപയാണ് നിരക്ക്.