കണ്ണൂര്> കേരളം നെഞ്ചോടുചേര്ത്ത ജനനായകന്റെ ഓര്മശേഷിപ്പുകള്, ഇനി നായനാര് അക്കാദമിയിലെ മ്യൂസിയത്തില് ചിരസ്മരണയായി നിലനില്ക്കും. കയ്യൂര് സമരസേനാനിയും മൂന്നുതവണ കേരള മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന ഇ കെ നായനാര് ഉപയോഗിച്ച പ്രിയപ്പെട്ട വസ്തുക്കള് ഭാര്യ ശാരദ ടീച്ചര് അക്കാദമി മ്യൂസിയത്തിലേക്ക് നല്കി.
നായനാരുടെ ഇഷ്ടവസ്ത്രമായ ജുബയും ഓവര്ക്കോട്ടും ടീച്ചര് ‘ശാരദാസി’ല് നടന്ന ചടങ്ങില് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന് കൈമാറി. എന്നും കൂടെ കൊണ്ടുനടന്ന പോക്കറ്റ് റേഡിയോ, സ്യൂട്ട് കേസ്, ബാഗ്, അവസാനം ധരിച്ച വസ്ത്രം, പേന, കണ്ണട, ബെല്റ്റ്, വാച്ച്, ചെരുപ്പ്, ശാരദാസിലെ ചാരുകസേര തുടങ്ങിയവയും കൈമാറി. നായനാര് സൂക്ഷിച്ച വിമാന, ട്രെയിന് യാത്രാ ടിക്കറ്റുകളും മ്യൂസിയത്തില് കാണാം.’നായനാര് ഇന്ന് രാജി നല്കും. താമസം പാര്ടി ഫ്ളാറ്റില്’- എന്ന 2001 മെയ് 13ന്റെ ‘ദേശാഭിമാനി’ വാര്ത്തയടക്കം നിരവധി പ്രധാന സംഭവങ്ങളുടെ കട്ടിങ്ങുകളും സഖാവുമൊത്ത് ക്ലിഫ് ഹൗസില്നിന്നെടുത്ത ഗ്രൂപ്പ് ഫോട്ടോയും അമൂല്യശേഖരത്തിലുണ്ട്.
സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, അക്കാദമി മ്യൂസിയോളജിസ്റ്റ് വിനോദ് ഡാനിയല്, പ്രൊജക്ട് മാനേജര് വിനോദ് മേനോന്, പ്രോഗ്രാം മാനേജര് സുരേഷ് നായര് തുടങ്ങിയവരും ചടങ്ങില് സംബന്ധിച്ചു.