കെയ്റോ> ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കളായ സെനെഗലിനെ വീഴ്ത്തി ഈജിപ്ത് ലോകകപ്പ് യോഗ്യതാ റൗണ്ട് ആദ്യപാദം സ്വന്തമാക്കി. സെനെഗൽ താരം സാലിയു സിസ്സ് വഴങ്ങിയ പിഴവുഗോളിലായിരുന്നു ഈജിപ്തിന്റെ ജയം. രണ്ടാംപാദം ചൊവ്വാഴ്ചയാണ്. സമനില പിടിച്ചാൽ മുഹമ്മദ് സലായ്ക്കും സംഘത്തിനും ഖത്തറിലേക്ക് പറക്കാം. അങ്ങനെ സംഭവിച്ചാൽ സാദിയോ മാനെയുടെ ലോകകപ്പ് മോഹം പൊലിയും.
നേഷൻസ് കപ്പിൽ ഷൂട്ടൗട്ടിലാണ് സെനെഗൽ ഈജിപ്തിനെ വീഴ്ത്തിയത്. രണ്ടുമാസത്തിനിടെയുള്ള രണ്ടാം മുഖാമുഖവും തുല്യശക്തികളുടെ പോരാട്ടമായി. സലായുടെ മികവ് ഈജിപ്തിനെ തുണച്ചു. സലായുടെ കരുത്തുറ്റ വോളിയായിരുന്നു ഗോളിലേക്ക് വഴിതുറന്നത്. എങ്കിലും ദൗർഭാഗ്യകരമായാണ് സെനെഗൽ ഗോൾ വഴങ്ങിയത്. സലായുടെ ഷോട്ട് ഗോൾകീപ്പർ എഡ്വാർഡ് മെൻഡിയുടെ കെെയിൽ തട്ടി ക്രോസ്ബാറിൽ ഇടിച്ചു. തെറിച്ചുവീണ്, സിസ്സിന്റെ കണങ്കാലിൽ തട്ടി പന്ത് വലയിലേക്ക്. ആ ഗോളിൽ ഈജിപ്ത് ഖത്തറിലേക്ക് ഒരടികൂടി അടുത്തു.
മറ്റ് മത്സരങ്ങളിൽ അൾജീരിയ ഒരു ഗോളിന് കാമറൂണിനെ തോൽപ്പിച്ചു. ടുണീഷ്യ മാലിയെയും സമാന സ്കോറിൽ മറികടന്നു. നെെജീരിയ–ഘാന മത്സരത്തിൽ ഗോളുണ്ടായില്ല. മൊറോക്കോയെ കോംഗോ 1–1ന് തളച്ചു.