മുംബൈ> നാൽപ്പതാം വയസ്സിലും ബാറ്റുകൊണ്ട് ത്രസിപ്പിച്ച എം എസ് ധോണിയുടെ അർധ സെഞ്ചുറി പാഴായി. ഐപിഎൽ ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തിൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്ങ്സിന് തോൽവി. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ആറ് വിക്കറ്റിന് ജയിച്ചു. സ്കോർ: ചെന്നൈ 5–-131, കൊൽക്കത്ത 4–-133.
കൊൽക്കത്തയുടെ വിജയത്തിലും ധോണിയുടെ തിളക്കം മായുന്നില്ല. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞശേഷമുള്ള ആദ്യകളിയിൽ 38 പന്തിൽ പുറത്താകാതെ 50 റൺ. അതിൽ ഏഴ് ഫോറും ഒരു സിക്സറും. പതിനൊന്നാം ഓവറിൽ 61 റണ്ണെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ചെന്നൈയെ ധോണിയും ക്യാപ്റ്റൻ രവീന്ദ്ര ജഡേജയും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ആറാം വിക്കറ്റിൽ 71 റണ്ണടിച്ചു. ജഡേജ 28 പന്തിൽ 26 റണ്ണുമായി പുറത്താകാതെനിന്നു. അവസാന മൂന്ന് ഓവറിൽ അടിച്ചത് 47 റൺ. തുടക്കത്തിൽ താളംകണ്ടെത്താൻ വിഷമിച്ച ധോണി പിന്നീട് ഉഷാറായി. പക്ഷെ കളി ജയിക്കാൻ ചെന്നൈയുടെ സ്കോർ മതിയായില്ല.
കൊൽക്കത്ത 18.3 ഓവറിൽ ലക്ഷ്യംകണ്ടു. ദേശീയ ടീമിൽ സ്ഥാനം നഷ്ടപ്പെട്ട അജിൻക്യ രഹാനെ 34 പന്തിൽ 44 റണ്ണുമായി വിജയത്തിന് അടിത്തറയിട്ടു. വെങ്കിടേഷ് അയ്യരും(16) നിതീഷ് റാണയും (21) സാം ബില്ലിങ്ങ്സും(25) പുറത്തായി. ക്യാപ്റ്റൻ ശ്രേയസ് അയ്യരും (20) ഷെൽഡൻ ജാക്സണും (3) ലക്ഷ്യം പൂർത്തിയാക്കി. ചെന്നൈക്കായി ഡ്വെയ്ൻ ബ്രാവോ മൂന്ന് വിക്കറ്റെടുത്തു.
ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു തുടക്കം. ഉമേഷ് യാദവിന്റെ ആദ്യ ഓവറിൽ ഓപ്പണർ ഋതുരാജ് ഗെയ്ക്ക്വാദ് റണ്ണെടുക്കാതെ മടങ്ങി. പിന്നാലെ ഡെവൻ കോൺവേ (3), റോബിൻ ഉത്തപ്പ (28), അമ്പാട്ടി റായുഡു (15) എന്നിവരും വീണു. 10 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 57 റണ്ണുമായി കിതച്ച ചെന്നൈക്ക് ധോണിയും ജഡേജയും പൊരുതാനുള്ള സ്കോർ നൽകി. ഉമേഷ് യാദവിന് രണ്ട് വിക്കറ്റുണ്ട്.
ഇന്ന് പകൽ 3.30ന് മുംബെെ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെയും രാത്രി 7.30ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പഞ്ചാബ് കിങ്സിനെയും നേരിടും.