ബ്യൂണസ് ഐറിസ്> ഖത്തറിൽ നടക്കുന്ന ലോകകപ്പിനുശേഷം കളിജീവിതത്തിൽ മാറ്റമുണ്ടായേക്കാമെന്ന് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി. യോഗ്യതാ മത്സരത്തിൽ വെന-സ്വേലയെ മൂന്ന് ഗോളിന് തോൽപ്പിച്ചശേഷമായിരുന്നു മെസിയുടെ പ്രതികരണം. അർജന്റീനയുടെ മൂന്നാംഗോളാണ് മെസി നേടിയത്. നിക്കോ ഗൊൺസാലസും ഏയ്ഞ്ചൽ ഡി മരിയയും മറ്റ് ഗോളുകൾ നേടി.
ബ്യൂണസ് ഐറിസിലെ ലാ ബൊംബൊനെറ സ്റ്റേഡിയത്തിൽ നിറഞ്ഞ കാണികൾക്കുമുന്നിലായിരുന്നു കളി. മത്സരശേഷം മെസി കാണികളെ അഭിവാദ്യം ചെയ്തു. യോഗ്യതാ റൗണ്ടിൽ ഇക്വഡോറുമായാണ് അർജന്റീനയുടെ അവസാന മത്സരം. ഈ കളി ഇക്വഡോറിന്റെ തട്ടകത്തിലും. ലോകകപ്പിനുശേഷം ഭാവിയെക്കുറിച്ച് വീണ്ടും ആലോചിക്കുമെന്ന മെസിയുടെ പ്രതികരണം ഈ സാഹചര്യത്തിലായിരുന്നു. ലോകകപ്പ് കഴിഞ്ഞ് വിരമിക്കുകയാണെങ്കിൽ സ്വന്തം കാണികൾക്കുമുന്നിൽ മുപ്പത്തിനാലുകാരന്റെ അവസാന മത്സരമാകാനും സാധ്യതയുണ്ട്. നവംബർ–ഡിസംബറിലാണ് ലോകകപ്പ്. അതിനുമുമ്പ് പരിശീലന മത്സരങ്ങളിൽ അർജന്റീന കളിക്കും.
‘ലോകകപ്പിനുശേഷം എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. അതിനെക്കുറിച്ച് ആലോചിക്കുകയാണ്. എന്തായാലും ഖത്തറിനുശേഷം പല കാര്യങ്ങളെക്കുറിച്ചും എനിക്ക് വീണ്ടും വിലയിരുത്തേണ്ടിവരും. ഉറപ്പായും വലിയ മാറ്റങ്ങളുണ്ടാകും– മെസി പറഞ്ഞു.
പരിശീലകൻ ലയണൽ സ്കലോണിക്കുകീഴിൽ തോൽവിയറിയാതെ 30 മത്സരം അർജന്റീന പൂർത്തിയാക്കി. പതിനാറ് കളിയിൽ 11 ജയവുമായി രണ്ടാമതാണ് അർജന്റീന.