കീവ്> ഉക്രയ്ൻ യുദ്ധത്തിന്റെ ഒന്നാംഘട്ടം അവസാനിച്ചെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം. ഉക്രയ്ന്റെ വ്യോമപ്രതിരോധം അപ്പാടെ തകർത്തു. ഉക്രയ്ൻ സൈന്യത്തിന്റെ പ്രതിരോധത്തെ വലിയ അളവിൽ തളർത്താനായി. യുദ്ധത്തിന്റെ പ്രധാന ലക്ഷ്യമായിരുന്ന ഡോൺബാസ് മേഖലയുടെ പൂർണമോചനത്തിന് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റഷ്യന്‍ സൈന്യം വ്യക്തമാക്കി.
കിഴക്കൻ ഉക്രയ്നിലെ ലുഹാൻസ്കിന്റെ 93 ശതമാനം പ്രദേശവും ഡൊണെട്സ്കിന്റെ 54 ശതമാനവും നിലവിൽ റഷ്യൻ അനുകൂലികളുടെ കൈവശമാണ്. ബാക്കികൂടി ഉക്രയ്നിൽനിന്ന് മോചിപ്പിച്ച് സ്വതന്ത്ര റിപ്പബ്ലിക്കുകളുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. എന്നാല്‍ റഷ്യൻ സൈന്യത്തിന് കനത്ത തിരിച്ചടി നൽകാനായെന്ന് ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി അവകാശപ്പെട്ടു. അതേസമയം, യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി പോളണ്ടിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉക്രയ്ൻ വിദേശമന്ത്രി ദിമിത്രോ കുലേബ, പ്രതിരോധ മന്ത്രി ഒലെസ്കി റെസ്നികോവ് എന്നിവരുമായി വാർസോയിൽ കൂടിക്കാഴ്ച നടത്തി.
കർഫ്യൂ നീട്ടി
ഉക്രയ്നിൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നു. കീവിൽ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ 35 മണിക്കൂർ നീട്ടി. മരിയൂപോളിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷം പേരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഗ്രീസും തുർക്കിയുമായി ചേർന്ന് നഗരവാസികളെ ഒഴിപ്പിക്കാനാണ് നീക്കം. രാജ്യത്ത് 10 മാനുഷിക ഇടനാഴി കൂടി പ്രഖ്യാപിച്ചതായി ഉക്രയ്ൻ അറിയിച്ചു.സൈടോമിർ നഗരത്തിലെ ഉക്രയ്ൻ സൈന്യത്തിന്റെ ആയുധ ഡിപ്പോ റഷ്യ കരിങ്കടലിലെ യുദ്ധക്കപ്പലിൽനിന്ന് നടത്തിയ മിസൈൽ ആക്രമണത്തിൽ തകർത്തു. വൻതോതിൽ ആയുധശേഖരം നശിച്ചു.ഖാർകിവ് നഗരം പൂർണമായും തകർന്നു.
ചെർണോബിൽ വർക്കേഴ്സ് ടൗൺ പിടിച്ചെടുത്ത് റഷ്യ
ചെർണോബിൽ ആണവനിലയത്തിലെ ജീവനക്കാർ വസിക്കുന്ന പട്ടണം പിടിച്ചെടുത്ത് റഷ്യ. ബെലാറസ് അതിർത്തിയിലെ സ്ലാവുടിക്കാണ് പിടിച്ചെടുത്തത്. ചെർണിഹിവ് നഗരത്തില്‍ ബോംബ്, മിസൈൽ ആക്രമണം തുടരുന്നു.നഗരത്തിൽ വെള്ളവും വൈദ്യുതിയുമില്ല.