ഇസ്ലാമാബാദ്> പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം തിങ്കളാഴ്ച ദേശീയ അസംബ്ലിയിൽ വരുമെന്നിരിക്കെ, ഭരണകക്ഷിയായ പാകിസ്ഥാൻ തെഹരീക് ഇ ഇൻസാഫിന്റെ 50 മന്ത്രിമാരെ ‘കാണാതായെന്ന്’ റിപ്പോർട്ട്. ഫെഡറൽ, പ്രവിശ്യാ സർക്കാരുകളിലെ 50 മന്ത്രിമാരാണ് ‘അപ്രത്യക്ഷ’രായതെന്ന് ‘ദി എക്സ്പ്രസ് ട്രിബ്യൂൺ’ റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രിയുടെ നയങ്ങളെ എതിർത്തിരുന്നവരാണ് പൊതുരംഗത്തുനിന്ന് അപ്രത്യക്ഷരായ പ്രമുഖർ. ഇമ്രാനെ അനുകൂലിക്കുന്ന വിദേശമന്ത്രി ഷാ മഹമൂദ് ഖുറേഷി, ഊർജമന്ത്രി ഹമദ് അസർ, പ്രതിരോധമന്ത്രി പർവേസ് ഖട്ടക്ക്, ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് തുടങ്ങിയവർ പൊതുരംഗത്ത് സജീവമാണ്.
പാക് ദേശീയ അസംബ്ലിയിലെ 342 അംഗങ്ങളിൽ അവിശ്വാസം ജയിക്കാൻ ഇമ്രാന് 172 വോട്ടാണ് വേണ്ടത്. ഭരണസഖ്യത്തിന് 179 അംഗങ്ങൾ. ഇടഞ്ഞുനിൽക്കുന്ന സഖ്യകക്ഷി എംക്യുഎം നേതാക്കളുമായി ഇമ്രാൻ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുണ്ട്.
സ്വന്തം പാർടിയിലെ എംപിമാരും ഇമ്രാനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു.അതിനിടെ, ഇമ്രാൻ ഖാനും ഭാര്യ ബുഷ്റാ ബീവിയും 600 കോടി പാകിസ്ഥാൻ രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസ് വൈസ് പ്രസിഡന്റ് മരിയം നവാസ് രംഗത്തെത്തി.