കൊച്ചി
ദ്വിദിന ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്ന തൊഴിലാളികളുടെ 16 ദിവസത്തെ ശമ്പളം പിടിക്കുമെന്ന് കൊച്ചി റിഫൈനറി മാനേജ്മെന്റ്. പണിമുടക്കിന് ആധാരമായ വിഷയങ്ങൾ ബിപിസിഎൽ മാനേജ്മെന്റ് ചർച്ച ചെയ്തുവരികയാണെന്നും അതിനാൽ പണിമുടക്ക് നിയമവിരുദ്ധമാണെന്നും വിചിത്രവാദമുന്നയിച്ചാണ് ഭീഷണി. 28, 29 തീയതികളിലാണ് പണിമുടക്ക്.
വ്യവസായ തർക്ക നിയമപ്രകാരം 14 ദിവസംമുമ്പ് നോട്ടീസ് നൽകിയാണ് റിഫൈനറി തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നതെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. കൊച്ചിൻ റിഫൈനറി വർക്കേഴ്സ് അസോസിയേഷനും കൊച്ചിൻ റിഫൈനറി എംപ്ലോയീസ് അസോസിയേഷനുമാണ് നോട്ടീസ് നൽകിയത്. ഇതിന് മറുപടിയായി മുഴുവൻ തൊഴിലാളികൾക്കുമാണ് മാനേജ്മെന്റിന്റെ നോട്ടീസ്. ചീഫ് ജനറൽ മാനേജർ (എച്ച്ആർ) ഒപ്പിട്ട നോട്ടീസിലെ ഭാഷ ഭീഷണിയുടെതാണ്. ദേശീയ പണിമുടക്കിന് ആധാരമായി സംയുക്ത ട്രേഡ് യൂണിയൻ സമിതി ഉന്നയിക്കുന്ന കാര്യങ്ങൾ റിഫൈനറിയെ സംബന്ധിച്ച് അപ്രസക്തമാണെന്നും പണിമുടക്ക് കമ്പനിയുടെ പ്രവർത്തനത്തെയും വരുമാനത്തെയും ബാധിക്കുമെന്നും നോട്ടീസിൽ പറയുന്നു. പണിമുടക്കിലെ ആവശ്യങ്ങൾ സെൻട്രൽ ലേബർ കമീഷണ (കൊച്ചി)റുടെ പരിഗണനയിലാണ്. അതിൽ തീരുമാനമുണ്ടാകാതെ സമരത്തിനിറങ്ങുന്നത് നിയമവിരുദ്ധമാണ്. വിവിധ വ്യവസായ, തൊഴിൽ നിയമങ്ങൾപ്രകാരം അത്തരം നടപടിക്ക് തൊഴിലാളികളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനും ശമ്പളം പിടിച്ചെടുക്കാനും കഴിയും. ഈ സാമ്പത്തിക വർഷത്തെ ഉൽപ്പാദനലക്ഷ്യം കൈവരിക്കാൻ പണിമുടക്ക് തടസ്സമാകുമെന്നും അതിനാൽ ഒരു ദിവസത്തെ പണിമുടക്കിന് എട്ട് ദിവസത്തെ ശമ്പളം പിടിക്കുമെന്നുമാണ് നോട്ടീസിലെ ഭീഷണി. റിഫൈനറി തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നത് ബിപിസിഎല്ലിന് അപമാനകരമാണെന്നും നോട്ടീസിൽ പറയുന്നു.
ഭീഷണി വേണ്ട; അച്ചടക്കനടപടി ചെറുക്കും
കൊച്ചി റിഫൈനറി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണിമുടക്കിൽനിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് ബിപിസിഎൽ മാനേജ്മെന്റ് പിൻമാറണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പണിമുടക്കിന് ആധാരമായ ഏതുവിഷയവും റിഫൈനറി തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത് ബിപിസിഎൽ മാനേജ്മെന്റിന് പരിഹരിക്കാനാകും. രാജ്യത്തെ രക്ഷിക്കാനും ബിപിസിഎൽ ഉൾപ്പെടെ സ്ഥാപനങ്ങളെ പൊതുമേഖലയിൽ നിലനിർത്താനുമാണ് സമരം. അതെങ്ങനെ ബിപിസിഎല്ലിന് അപമാനമാകും. മറ്റൊരു പൊതുമേഖലാ മാനേജ്മെന്റിനുമില്ലാത്ത ജനാധിപത്യവിരുദ്ധ നിലപാടാണ് ബിപിസിഎൽ മാനേജ്മെന്റിനുള്ളത്.
നിയമങ്ങൾ ദുർവ്യാഖ്യാനിച്ച് തൊഴിലാളികൾക്കെതിരെ അച്ചടക്കനടപടിയെടുത്താൽ ഏതുവിധേനയും ചെറുക്കും. ശമ്പളം പിടിച്ചെടുക്കാനുള്ള നടപടികളിൽനിന്ന് പിൻമാറണമെന്നും സംയുക്ത ട്രേഡ് യൂണിയൻ സമിതി ചെയർമാൻ ആർ ചന്ദ്രശേഖരൻ, ജനറൽ സെക്രട്ടറി എളമരം കരീം എംപി, കൺവീനർ കെ പി രാജേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.