ഖർകിവ്
കഴിഞ്ഞയാഴ്ച ഉക്രയ്ൻ തുറമുഖനഗരം മരിയൂപോളിലെ തിയറ്ററിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ മുന്നൂറോളം പേർ കൊല്ലപ്പെട്ടതായി നഗര കൗൺസിൽ. 13-00ൽ അധികം പേരാണ് തിയറ്ററിൽ ഉണ്ടായിരുന്നത്.
രാസായുധം
പ്രയോഗിച്ചാൽ
നാറ്റോ ഇടപെടുമെന്ന്
ഉക്രയ്നിൽ റഷ്യ രാസായുധം പ്രയോഗിച്ചാൽ നാറ്റോ തിരിച്ചടിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഉക്രയ്ൻ മണ്ണിൽ സൈന്യത്തെ ഇറക്കില്ലെന്ന നിലപാടിൽ അമേരിക്കയും നാറ്റോയും ഉറച്ചുനിൽക്കുന്നു. എന്നാൽ, അവശ്യഘട്ടം വന്നാൽ തീരുമാനം മാറ്റുമെന്നും ബൈഡൻ നാറ്റോ ഉച്ചകോടിക്കുശേഷം സൂചന നല്കി. ഉച്ചകോടിക്കുശേഷം വെള്ളിയാഴ്ച ബൈഡൻ ഉക്രയ്ന്റെ അയൽരാജ്യമായ പോളണ്ട് സന്ദർശിച്ചു. ഉക്രയ്ന് ദുരിതാശ്വാസം പ്രഖ്യാപിച്ചു. ലക്ഷം അഭയാർഥികളെ സ്വീകരിക്കാനുള്ള സന്നദ്ധത അറിയിച്ചു.
1351 സൈനികർ കൊല്ലപ്പെട്ടു: റഷ്യ
ഉക്രയ്നിൽ 1351 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് റഷ്യ. 3825 പേർക്ക് പരിക്കേറ്റു. 7000 റഷ്യൻ സൈനികർ കൊല്ലപ്പെടുകയും 15,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് നാറ്റോ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യൻ സൈന്യം കണക്കു പുറത്തുവിട്ടത്. അതേസമയം, റഷ്യയുടെ മറ്റൊരു ജനറലിനെക്കൂടി വധിച്ചതായി ഉക്രയ്ൻ അവകാശപ്പെട്ടു.