ഇസ്ലാമാബാദ്
പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം മേശപ്പുറത്ത് വയ്ക്കാതെ അന്തരിച്ച അംഗത്തിന് അനുശോചനം അറിയിച്ച് പാക് ദേശീയ അസംബ്ലി ആദ്യദിനം പിരിഞ്ഞു. തിങ്കല്‍ വീണ്ടും സഭചേരും. അവിശ്വാസ പ്രമേയം മേശപ്പുറത്ത് വയ്ക്കാത്തതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. അവിശ്വാസ പ്രമേയം പരിഗണിക്കുന്ന കാര്യം അടുത്ത യോഗത്തിൽ തീരുമാനിക്കുമെന്ന് സ്പീക്കർ അറിയിച്ചു. 163 പ്രതിപക്ഷ അംഗങ്ങളിൽ 159 പേരും ആദ്യദിനം സഭയില്‍ ഹാജരായി. അവിശ്വാസ പ്രമേയം സഭയുടെ പരിഗണനയ്ക്ക് വന്ന് മൂന്നുമുതൽ ഏഴുദിവസത്തിനുള്ളിൽ വോട്ടിനിടണമെന്നാണ് ചട്ടം. എട്ടിനാണ് പ്രതിപക്ഷ പാർടികൾ അവിശ്വാസ പ്രമേയനോട്ടീസ് നൽകിയത്.
ഭരണകക്ഷിയായ പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫിന്റെ 24 അംഗങ്ങളും ഇമ്രാനെതിരെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെ അയോഗ്യരാക്കണമെന്ന സർക്കാർ ഹർജി സുപ്രീംകോടതി പരിഗണനയിലാണ്.അതിനിടെ, 2023 അവസാനം നടക്കേണ്ട പൊതുതെരഞ്ഞെടുപ്പ് നേരത്തേ നടത്താനുള്ള സാധ്യത തെളിയുന്നു. രാഷ്ട്രീയ പ്രതിസന്ധി ഒഴിവാക്കാൻ നേരത്തേ തെരഞ്ഞെടുപ്പ് നടത്തുന്നത് പരിഗണനയിലാണെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.