കൊച്ചി> ഇടപ്പള്ളിയിൽ വീട്ടുജോലിക്ക് നിന്ന പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിൽ. പെൺകുട്ടി ജോലിക്കുനിന്ന വീടിന്റെ ഉടമസ്ഥൻ ഇടപ്പള്ളി പാവോത്തിത്തറ പോളിനെയാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ ഇയാളുടെ ഭാര്യയും ഇടപ്പള്ളി വനിതാ ക്ഷേമസമിതി അധ്യക്ഷയുമായ സെലിനെതിരെ കേസെടുത്തു. ഇവർ ഒളിവിലാണ്. മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം.
പതിനഞ്ച് വയസ്സുമുതൽ ഇവരുടെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു പെൺകുട്ടി. ജോലിക്കുവന്നകാലത്ത് പെൺകുട്ടിയോട് മോശമായി പെരുമാറിയതിനാണ് പോളിനെതിരേ പോക്സോ കേസെടുത്തത്. -2015-ലാണ് പെൺകുട്ടിയെ വീട്ടിൽ ജോലിക്കായി ബന്ധുക്കൾ കൊണ്ടുവന്നത്. ഇപ്പോൾ 21 വയസ്സുണ്ട്. ആധാർ കാർഡോ മറ്റു വിവരങ്ങളോ ഇല്ലെന്നാണ് അറിയുന്നത്. പോൾ വീടിനോടുചേർന്ന് കാറ്ററിങ് ബിസിനസ് നടത്തിയിരുന്നു. അവിടെ ഭക്ഷണം വിതരണം ചെയ്യാനും മറ്റ് എല്ലാ ജോലികൾക്കും പെൺകുട്ടിയെ ഉപയോഗിച്ചിരുന്നു. ഇയാളുടെ മകളുടെ വീട്ടിലും ജോലിക്ക് പെൺകുട്ടിയെ ചുമതലപ്പെടുത്തിയിരുന്നു.
ഉപദ്രവം സഹിക്കാൻ വയ്യാതായതോടെ കഴിഞ്ഞദിവസം പെൺകുട്ടി സമീപത്തെ വീട്ടിൽ അഭയംതേടുകയായിരുന്നു. അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന് വനിതാസെല്ലിൽനിന്ന് ഉദ്യോഗസ്ഥരെത്തി മൊഴി രേഖപ്പെടുത്തി. പരാതിയിൽ കേസെടുക്കുംവരെ ഇതേ വീട്ടിൽ പെൺകുട്ടി ജോലി തുടർന്നു. പിന്നീട് പെൺകുട്ടിയെ ആലുവയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.
വനിതാദിനത്തിൽ വനിതാ ക്ഷേമസമിതി നടത്തിയ പരിപാടിയിൽ ചായ വിതരണത്തിന് എത്തിയപ്പോൾ വനിതകളുടെ അവകാശങ്ങളെക്കുറിച്ച് സെലിൻ പ്രസംഗിക്കുന്നത് പെൺകുട്ടി കേട്ടു. തനിക്ക് ഇത്രയേറെ അവകാശങ്ങളുണ്ട് എന്ന ബോധ്യത്തിൽനിന്നാണ് എല്ലാം തുറന്നുപറയാൻ ധൈര്യം വന്നതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.