തിരുവനന്തപുരം
കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രി സജി ചെറിയാനെ ആക്ഷേപിക്കാൻ കൂട്ടുപിടിച്ചത് സിൽവർ ലൈൻ പദ്ധതിയുടെ വ്യാജ മാപ്പ്. തിരുവഞ്ചൂർ ഉപയോഗിച്ച മാപ്പ് വ്യാജമാണെന്നും യഥാർഥ അലൈൻമെന്റിൽ മാറ്റം വരുത്തിയിട്ടില്ലെന്നും കെ റെയിൽ തന്നെ തെളിവുകൾ സഹിതം വ്യക്തമാക്കി. ഫെയ്സ്ബുക്കിൽ ഇതുസംബന്ധിച്ച വിവരങ്ങളും മാപ്പും കെ റെയിൽ പുറത്തുവിട്ടു. സിൽവർലൈൻ സ്റ്റേഷനുകൾ സൂചിപ്പിക്കുന്ന മാപ്പ് ‘ദ മെട്രോ റെയിൽ ഗയ് ഡോട്ട് കോം’ അവരുടെ സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് പാതയുടെ അലൈൻമെന്റല്ലെന്ന് അവർ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതുമായി താരതമ്യം ചെയ്താണ് മന്ത്രിക്കെതിരെ തിരുവഞ്ചൂർ ഗുരുതര ആരോപണം ഉന്നയിച്ചത്.
മന്ത്രി സ്വന്തം വീട് സംരക്ഷിക്കാൻ അലൈൻമെന്റ് മാറ്റി എന്നാണ് തിരുവഞ്ചൂർ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. എന്നാൽ, തന്റെ വീട് പദ്ധതിക്ക് സന്തോഷത്തോടെ നൽകാൻ തയ്യാറാണെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. തിരുവഞ്ചൂർതന്നെ വീടിന്റെ പ്രതിഫലം വാങ്ങി കരുണ പാലിയേറ്റീവിന് നൽകിയാൽ മതിയെന്നും മന്ത്രി മറുപടി നൽകി.
പാത മന്ത്രിയുടെ വീടിനോട് കൂടുതൽ അടുത്തു
സിൽവർ ലൈൻ പാതയുടെ അന്തിമ അലൈൻമെന്റ് വന്നപ്പോൾ മന്ത്രി സജി ചെറിയാന്റെ വീടുമായി കൂടുതൽ അടുത്തു. സാധ്യതാപഠന റിപ്പോർട്ടിൽനിന്ന് യഥാർഥ അലൈൻമെന്റിലെത്തിയപ്പോഴാണ് പാത വീടിനോട് അടുത്തതെന്ന് കെ റെയിൽ രേഖകൾ വ്യക്തമാക്കുന്നു. മറ്റനവധി പ്രദേശങ്ങളിലും സാധ്യതാ പഠനത്തിലേതിൽനിന്നും അലൈൻമെന്റിൽ മാറ്റമുണ്ടായി.
ജനവാസമേഖലയെ പരമാവധി ഒഴിവാക്കിയാണ് സാധ്യതാപഠനം നടത്തിയത്. തുടർന്നാണ് അന്തിമ അലൈൻമെന്റ് തയ്യാറാക്കിയത്. ഇതിന് മാനദണ്ഡമാക്കിയത് ലാഭകരമായത് ഏതുഭാഗം, മത–-ആരാധനാലയങ്ങൾ എങ്ങനെ പാതയിൽനിന്ന് ഒഴിവാക്കാം, മറ്റു സാമൂഹ്യ പ്രഹരങ്ങൾ എങ്ങനെ കുറയ്ക്കാം എന്നിവയാണ്.