കൊച്ചി
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ ഉൽപ്പന്നങ്ങളുടെ വിപണനത്തിനും സ്ഥിരം പ്രദർശനത്തിനുമുള്ള അന്താരാഷ്ട്ര വിപണന കേന്ദ്രത്തിന്റെ നിർമാണം ഈ മാസം ആരംഭിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ്. കൊച്ചി കാക്കനാടാണ് കേന്ദ്രം വരുന്നത്. 18 മാസംകൊണ്ട് പൂർത്തീകരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ എംഎസ്എംഇ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചെറുകിട സംരംഭക ഉച്ചകോടി ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളം എംഎസ്എംഇകളുടെ വളർച്ചയ്ക്ക് ആവശ്യമായ മികച്ച അന്തരീക്ഷം വികസിപ്പിക്കുകയാണ്. ഉൽപ്പന്നങ്ങളുടെ വിപണനത്തിന് കേരള ബ്രാൻഡ് ശക്തിപ്പെടുത്തും. ഓൺലൈൻ മാർക്കറ്റിങ്ങിനുള്ള ശ്രമം അവസാനഘട്ടത്തിലാണ്. ഈ കോവിഡ് കാലത്ത് പുതിയതായി 12,000 എംഎസ്എംഇകൾ കേരളത്തിൽ പ്രവർത്തനം തുടങ്ങി. ഒരുലക്ഷം സംരംഭങ്ങൾ 2022–-23 വർഷത്തിൽ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ സംരംഭക വർഷം പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത ബുധനാഴ്ച മുഖ്യമന്ത്രി വിശദമായ പദ്ധതികളുടെ പ്രഖ്യാപനം നടത്തും. എല്ലാ വകുപ്പുകളും ചേർന്നുള്ള ശ്രമാണ് നടത്തുക. പൊതുമേഖലാ സ്ഥാപന മേധാവികളുമായും തൊഴിലാളി യൂണിയനുകളുമായും ചർച്ച നടത്തും.
സംരംഭകർക്കുള്ള പരാതി പരിഹാര സംവിധാനത്തിന്റെ സോഫ്റ്റ്വെയർ തയ്യാറായിക്കഴിഞ്ഞു. എല്ലാ നടപടികളും സുതാര്യമായിരിക്കും. ഏത് പരാതിയും 15 ദിവസത്തിനകം തീർപ്പാക്കാൻ ഇതിൽ വ്യവസ്ഥയുണ്ട്. വീഴ്ചവരുത്തുന്നവരിൽനിന്ന് ഓരോ ദിവസത്തിനും 250 മുതൽ 10,000 രൂപവരെ പിഴയീടാക്കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ സംവിധാനം ഏപ്രിലിൽ ഓൺലൈനോടുകൂടി പൂർണമായും പ്രവർത്തനക്ഷമമാകും. ഈ മാസം അവസാനത്തോടെ സ്വകാര്യ വ്യവസായ പാർക്കുകളുടെ പ്രഖ്യാപനവും ഉണ്ടാകും. പാർക്കുകൾ ആരംഭിക്കുന്ന സംരംഭകർക്ക് സർക്കാർ പശ്ചാത്തല വികസനത്തിനുള്ള ആനുകൂല്യങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വാണിജ്യ ഡയറക്ടർ ഹരി കിഷോർ, കെഎസ്ഐഡിസി എംഡി രാജമാണിക്യം, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ഫെഡറർ ബാങ്ക് ചെയർമാൻ സി ബാലഗോപാൽ, കേരള ചെറുകിട വ്യവസായ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ എ ജോസഫ്, പ്രൊഡക്റ്റിവിറ്റി കൗൺസിൽ ചെയർമാൻ ജോർജ് സ്ലീബ, എംഎസ്എംഇ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ജി എസ് പ്രകാശ് തുടങ്ങിയവരും സംസാരിച്ചു.
എംഎസ്എംഇ
ക്ലിനിക്കുകൾക്ക് തുടക്കം
സംരംഭകരുടെ സംശയമകറ്റാനും പ്രശ്നപരിഹാരത്തിനും ഉപദേശങ്ങൾ നൽകാനുമായി എംഎസ്എംഇ ക്ലിനിക്കുകൾ തുടങ്ങി. വ്യവസായമന്ത്രി പി രാജീവ് ഓൺലൈനായി പദ്ധതി ഉദ്ഘാടനംചെയ്തു. പദ്ധതിയിൽ എല്ലാ ജില്ലയിലും വിദഗ്ധരുടെ പാനലും തയ്യാറാക്കി.
ആലപ്പുഴയിലെ മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ സംരംഭകർ ഉന്നയിച്ച സംശയങ്ങളിൽനിന്നാണ് എംഎസ്എംഇ ക്ലിനിക് എന്ന ആശയത്തിന് രൂപം നൽകിയതെന്ന് പി രാജീവ് പറഞ്ഞു. സംരംഭങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നിർദേശിക്കാൻ കഴിയുന്ന സഹായക കേന്ദ്രങ്ങളാണിവ. സാങ്കേതികം, മാർക്കറ്റിങ് തുടങ്ങി എല്ലാ മേഖലയുമായും ബന്ധപ്പെട്ട സഹായം ക്ലിനിക്കിൽനിന്ന് ലഭിക്കും.
സംശയങ്ങളുമായി ജില്ലാ വ്യവസായ കേന്ദ്രങ്ങളിലെത്തുന്ന സംരംഭകർക്ക് അനുയോജ്യനായ പാനലിസ്റ്റുമായി കൂടിക്കാഴ്ച നടത്താം. ഒരു പാനലിസ്റ്റിന്റെ സേവനം തൃപ്തികരമല്ലെങ്കിൽ മറ്റൊരു പാനലിസ്റ്റുമായി സംസാരിക്കാനാകും. 168 പേരുള്ള പാനലാണ് രൂപീകരിച്ചത്. ബാങ്കിങ്, ലൈസൻസുകളും അനുമതികളും, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, കയറ്റുമതി, ജിഎസ്ടി, നിയമം, മാർക്കറ്റിങ്, സാങ്കേതികവിദ്യ എന്നീ വിഷയങ്ങളിലെ വിദഗ്ധരാണ് പാനലിലുള്ളത്.