കണ്ണൂർ
സിൽവർ ലൈൻ പദ്ധതി മുൻനിർത്തി യുഡിഎഫും ബിജെപിയും നടത്തുന്ന നുണപ്രചാരണങ്ങൾക്ക് എരിവുപകരാൻ ജലപാതയുടെ പേരിലും യുഡിഎഫ് പത്രത്തിന്റെ പുകമറ. ജലപാതയ്ക്കായി സർക്കാർ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ വാർത്ത നിരത്തിയ മനോരമ തന്നെയാണ് അത് മികച്ച പദ്ധതിയാണെന്ന പ്രചാരണവുമായി രംഗത്തെത്തിയത്. അന്ന് സമരം നയിച്ച യുഡിഎഫിനും ബിജെപിക്കും വേണ്ടി ജനവികാരം ഇളക്കിവിടാൻ ശ്രമിച്ചവരാണ് ജലപാതയുടെ വക്താവായി രംഗത്തുവന്നത്. ജലഗതാഗതത്തിനും ചരക്കുനീക്കത്തിനും വിനോദ സഞ്ചാരത്തിനും വൻസാധ്യതയുളള ജലപാത നിർമാണം ഇഴഞ്ഞുനീങ്ങുന്നതായാണ് മനോരമ വാർത്ത.
കോവളം–-ബേക്കൽ പാത പൂർത്തിയാക്കാൻ മയ്യഴി മുതൽ വളപട്ടണംവരെയുള്ള ഭാഗങ്ങളിൽ മൂന്ന് കനാൽ നിർമിക്കേണ്ടിവരും. ഇതിന് സ്ഥലം ഏറ്റെടുക്കുന്നത് തടയിടാനാണ് യുഡിഎഫും ബിജെപിയുമെല്ലാം ശ്രമിച്ചത്. അതിന് പല കഥകളും പ്രചരിപ്പിച്ചു. കീഴാറ്റൂർ, ഗെയിൽ മാതൃകയിൽ നടന്ന സമരത്തെപോലെ, കുടിയൊഴിപ്പിക്കുമ്പോൾ നഷ്ടപരിഹാരം കിട്ടില്ലെന്നും റിയൽ എസ്റ്റേറ്റ് ലോബിക്ക് വേണ്ടിയാണ് പദ്ധതിയെന്ന പ്രചാരണവും അഴിച്ചുവിട്ടു. കലക്ടറേറ്റിന് മുന്നിൽ യുഡിഎഫ്–-ബിജെപി സംഘം സമരം നടത്തി. ബിജെപി–-യുഡിഎഫ് നേതാക്കളുടെ പ്രസംഗങ്ങൾ വൻ പ്രാധാന്യത്തോടെ നൽകിയ മനോരമ സ്വന്തം നിലയിലും പദ്ധതിക്കെതിരെ പ്രചാരണം നടത്തി. മാതൃഭൂമി ഉൾപ്പെടെ സമാന രീതിയിൽ ജലപാത വിരുദ്ധ പ്രചാരണം നടത്തി.
പ്രചാരണങ്ങളെല്ലാം തള്ളി സ്ഥലം ഉടമകളും നാട്ടുകാരും പദ്ധതിയുമായി സഹകരിക്കാൻ തുടങ്ങിയതോടെയാണ് ജലപാത ഇപ്പോൾ മികച്ചതായത്. പദ്ധതിയുമായി അതിവേഗം മുന്നേറുന്ന സർക്കാർ മൂന്ന് കനാലുകളുടെ നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാൻ 650.5 കോടി രൂപയാണ് കിഫ്ബി മുഖേന അനുവദിച്ചത്. ജലപാത കടന്നുപോകുന്ന ഇടങ്ങളിൽ അതിരടയാള കല്ലിടൽ പൂർത്തിയായി. സമൂഹികാഘാത പഠനം നടത്താനും അനുമതിയായി.