ന്യൂഡൽഹി
പരിസ്ഥിതി സം രക്ഷണംകൂടി ലക്ഷ്യമിട്ടാണ് സിൽവർ ലൈൻ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണ്. 2050ഓടെ കേരളത്തെ കാർബൺ പുറംതള്ളൽ കുറഞ്ഞ സംസ്ഥാനമാക്കി
മാറ്റുകയാണ് ലക്ഷ്യം. അത് മുൻനിർത്തിക്കൂടിയാണ് വർധിച്ച അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന റോഡ്ഗതാഗതത്തിൽനിന്ന് റെയിൽ ഗതാഗതത്തിലേക്ക് ജനങ്ങളെ ആകർഷിക്കാൻ ശ്രമിക്കുന്നത്. അതിനുതകുന്ന പദ്ധതിയായി സിൽവർ ലൈനിനെ തെരഞ്ഞെടുത്തത് റെയിൽവേ മന്ത്രാലയവുമായും വിദഗ്ധരുമായും ചർച്ചകൾ നടത്തിയാണ്. എല്ലാ പാരിസ്ഥിതിക ആശങ്കകളെയും കണക്കിലെടുത്തുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. ആകെയുള്ള 530.45 കിലോമീറ്ററിൽ 88.4 കിലോമീറ്റർ വയഡക്റ്റും (ഭൂതലത്തിൽനിന്ന് ഉയർത്തിയ ദീർഘ പാലങ്ങൾ) 13 കിലോമീറ്റർ പാലവും 11.5 കിലോമീറ്റർ തുരങ്കവും ആണ്. പരിസ്ഥിതി സംരക്ഷിക്കാനാണ് ഈ ക്രമീകരണം.
പരിസ്ഥിതിലോല പ്രദേശങ്ങളിൽക്കൂടി കടന്നുപോകുന്നില്ല. ഹൈഡ്രോളജിക്കൽ സർവേകളുടെ അടിസ്ഥാനത്തിൽ ജലാശയങ്ങളുടെ സ്വാഭാവികമായ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ ഓവുചാലുകളും പാസേജുകളും ഒരുക്കും. ഡിപിആർ തയ്യാറാക്കിയ ഘട്ടത്തിൽത്തന്നെ ദ്രുത പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ശബ്ദം, പ്രകമ്പനം
എന്നിവയുൾപ്പെടെ വിശകലനം ചെയ്യുന്ന വിശദമായ പരിസ്ഥിതി ആഘാത പഠനം ഒരു വർഷത്തിനുള്ളിൽ നടത്തും.
റോഡ് നിർമാണത്തിനുവേണ്ടതിൽ കുറവ് സാമഗ്രികൾ മാത്രമേ ഈ പദ്ധതിക്ക് വേണ്ടി വരികയുള്ളൂ. അടുത്ത 50 വർഷത്തേക്കുള്ള ഗതാഗത ആവശ്യങ്ങൾ നിറവേറ്റാൻ ഈ പദ്ധതിയിലൂടെ സാധിക്കും. റോഡുകൾ അടിക്കടി നവീകരിക്കുകയും വിപുലീകരിക്കുകയും വേണ്ടിവരും. ഇതിൽ അത്തരം പ്രശ്നവും ഇല്ല.
100 ശതമാനം ഹരിതോർജം ഉപയോഗപ്പെടുത്തുന്ന സംവിധാനമാണ് സിൽവർ ലൈൻ. ആരംഭ വർഷത്തിൽത്തന്നെ 530 കോടി രൂപയുടെ ഇന്ധനം ലാഭിക്കാനാകും. ഗ്രാമീണ റോഡുകൾ ഉൾപ്പെടെ ഇപ്പോഴുള്ള എല്ലാ റോഡിലും ഓവർ ബ്രിഡ്ജുകളോ അണ്ടർ ബ്രിഡ്ജുകളോ സബ് വേകളോ പണിയും. ഇതിനുപുറമേ പ്രദേശവാസികളുടെ സൗകര്യാർഥം ഓരോ 500 മീറ്ററിലും ഇടനാഴികൾ ഒരുക്കും. സിൽവർ ലൈനിലെ റോൾ ഓൺ റോൾ ഓഫ് സർവീസ് ഉപയോഗിച്ച് ഓരോ ദിവസവും 480 ട്രക്ക് കൊണ്ടുപോകാൻ സാധിക്കുമെന്നും- മുഖ്യമന്ത്രി പറഞ്ഞു.
കമീഷൻ ആരോപണം
അവരുടെ അനുഭവംവച്ച്
ഏത് അവസരത്തിലും കിട്ടാനുള്ളത് വരട്ടേയെന്ന് കരുതുന്നവരാണ് സിൽവർ ലൈൻ പദ്ധതിയിൽ കമീഷൻ ഇടപാട് ആരോപിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. എന്തും വിളിച്ചുപറയാൻ മടിയില്ലാത്ത ദുഷ്ടമനസ്സുള്ളവരാണ് ആക്ഷേപം ഉന്നയിക്കുന്നത്. അവർക്ക് അവരുടേതായ അനുഭവങ്ങളുണ്ട്.
എങ്ങനെയും സമ്പാദിക്കാമെന്ന ചിന്തയുള്ളവർ മറ്റുള്ളവരും അങ്ങനെയാണെന്ന് കരുതുന്നു–- സിൽവർ ലൈൻ പദ്ധതി കമീഷൻ വാങ്ങാനാണെന്ന് ആക്ഷേപമുണ്ടല്ലോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു. പദ്ധതി വേണ്ടെന്ന് ആഗ്രഹിക്കുന്നവർ പലതും പറയും. പരിസ്ഥിതി ആഘാതപഠനം പദ്ധതി ശരിയായ രീതിയിൽ നടപ്പാക്കാനാണ്. വികസനം നടപ്പാക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയെന്നത് പ്രധാന കടമയായാണ് സർക്കാർ കാണുന്നത്. അർഹമായ നഷ്ടപരിഹാരവും കൃത്യമായ പുനരധിവാസവും ഉറപ്പുവരുത്തും. കല്ലെടുത്ത് മാറ്റിയാൽ പദ്ധതി ഇല്ലാതാകില്ലെന്നും- മുഖ്യമന്ത്രി പറഞ്ഞു.
യാത്ര സുരക്ഷിതം
ഏറ്റവും സുരക്ഷിതമായ യാത്രാസംവിധാനമെന്ന നിലയിൽ സിൽവർലൈനിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുരക്ഷിതവും സൗകര്യപ്രദവും വേഗത കൂടിയതുമായ ഗതാഗത സംവിധാനങ്ങൾ വേണമെന്ന കാര്യത്തിൽ എല്ലാവരും ഒരേ അഭിപ്രായക്കാരാണ്. വാഹനാപകടങ്ങളുടെ നിരക്കും കേരളത്തിൽ കൂടുതലാണ്.
യുഡിഎഫ് കാലത്ത് മുന്നോട്ടുവച്ച അതിവേഗ റെയിൽ കേരളത്തിൽ പ്രായോഗികമല്ല. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് കാസർകോട്ട് നിർത്തിയാൽ പോരല്ലോ. കൂടുതൽ സ്റ്റോപ്പുകൾ വേണം. അതിന് അനുയോജ്യം അർധ അതിവേഗ റെയിലാണ്. അതിവേഗ റെയിൽ ഇടനാഴി നിർദേശം ആദ്യം അവതരിപ്പിച്ചത് 2009–-10ലെ ബജറ്റിലാണ്. ഡിഎംആർസി സാധ്യത റിപ്പോർട്ട് 2012ലും ഡിപിആർ 2016ലും സമർപ്പിച്ചു. റെയിൽ മന്ത്രാലയം നിരാകരിച്ചു. ഇന്റർസിറ്റി യാത്രക്കാർക്കായി രണ്ടു ലൈൻ കൂടി നിർമിക്കുന്നത് പരിഗണിക്കാൻ നിർദേശിച്ചു. അവിടെയാണ് അർധ അതിവേഗ പാതയെന്ന ആശയത്തിന്റെ തുടക്കമെന്നും- മുഖ്യമന്ത്രി പറഞ്ഞു.
9394 കെട്ടിടം
ഏറ്റെടുക്കും
സിൽവർ ലൈൻ പദ്ധതിക്കായി 9394 കെട്ടിടമാണ് ഏറ്റെടുക്കേണ്ടി വരികയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹ്യാഘാത പഠനത്തിനായുള്ള സർവേ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ആരുടെയൊക്കെ ഭൂമിയും വീടും നഷ്ടപ്പെടുമെന്ന് കണ്ടെത്താനാണിത്.
പദ്ധതിക്ക് 33,700 കോടി രൂപ ബാഹ്യസഹായം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കേന്ദ്ര ധനമന്ത്രാലയമാണ് മുന്നോട്ടുനീക്കുന്നത്. ജൈക്കയുടെ(ജപ്പാൻ ഇന്റർനാഷണൽ കോർപറേഷൻ ഏജൻസി) റോളിങ് പ്ലാനിൽ പദ്ധതിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദേശവായ്പയ്ക്കായി കേന്ദ്ര സാമ്പത്തിക വകുപ്പിൽ നൽകിയിട്ടുള്ള അപേക്ഷയ്ക്കുമേൽ നിതി ആയോഗ്, ധനവ്യയ വകുപ്പ്, റെയിൽവേ മന്ത്രാലയം എന്നിവ ശുപാർശ നൽകിയിട്ടുണ്ട്. 2018ൽത്തന്നെ ഇത് ജൈക്കയുടെ ഒഫീഷ്യൽ ഡെവലപ്മെന്റ് അസിസ്റ്റൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ 25 ശതമാനം ചെലവ് സംസ്ഥാനം ഏറ്റെടുക്കുന്നത്. മറ്റൊരു സംസ്ഥാനവും ചെയ്യാത്ത കാര്യമാണിത്. എൻഎച്ച് 66ന്റെ വികസനത്തിനായി 92 ശതമാനം ഭൂമിയും ഏറ്റെടുത്തു. 45 മീറ്റർ വീതിയുള്ള ദേശീയപാത വൈകാതെ കേരളത്തിൽ യാഥാർഥ്യമാകും. കേന്ദ്രത്തിന്റെ പിന്തുണയും സംസ്ഥാന സർക്കാരിന്റെ നിർബന്ധവുമാണ് ഇതിന് വഴിയൊരുക്കിയത്–- മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് വേഗം കൂടണം
അയൽ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ റോഡുഗതാഗതത്തിന് 40 ശതമാനവും റെയിൽ ഗതാഗതത്തിന് 30 ശതമാനവും വേഗക്കുറവുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യാത്രയ്ക്കുവേണ്ടി വരുന്ന അധികസമയം കേരളത്തിലെ പ്രധാന പ്രശ്നമാണ്. അതുകൊണ്ടാണ് യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ പ്രത്യേകമായി ഇടപെടുന്നത്.
ട്രാഫിക് സർവേ പ്രകാരം കേരളത്തിൽ ഒരു ദിവസം 150 കിലോ മീറ്ററിലേറെ യാത്ര ചെയ്യുന്നത് 1,58,721 കാർ–- ടാക്സി യാത്രക്കാരും 88,442 ബസ് യാത്രക്കാരും 91,975 റെയിൽ യാത്രക്കാരുമാണ്. സിൽവർ ലൈൻ പൂർത്തിയായാൽ 2025–-26ൽ 79,934 മുതൽ 1,14,764 വരെ യാത്രക്കാർ അതുപയോഗിക്കും. 2029–- 30ൽ യാത്രക്കാരുടെ എണ്ണം 1,39,164 വരെയായി ഉയരാം. ആദ്യഘട്ടത്തിൽ ഏകദേശം 48,000 പേർ സിൽവർ ലൈനിലേക്ക് മാറുമെന്നാണ് പഠനം. നിർമാണഘട്ടത്തിൽ 50,000ഉം പ്രവർത്തനം ആരംഭിച്ച് ആദ്യഘട്ടത്തിൽ 11,000 ഉം പ്രത്യക്ഷ തൊഴിലവസരം സൃഷ്ടിക്കപ്പെടും. ലക്ഷക്കണക്കിനു തൊഴിലുകൾ പരോക്ഷമായും സൃഷ്ടിക്കപ്പെടും. ടൂറിസം, ഐടി തുടങ്ങിയ മേഖലകളുടെ വികസനത്തിലും സിൽവർ ലൈനിന് വലിയ പങ്ക് വഹിക്കാനാകും–- മുഖ്യമന്ത്രി പറഞ്ഞു.