കോഴിക്കോട്
ബിജെപിയെ മാറ്റി ഭരണത്തിലേറാൻ കൃത്യമായ നയവും നിലപാടും വേണമെന്ന് കോൺഗ്രസിനെ ഓർമിപ്പിച്ച് മുസ്ലിംലീഗ്. സംസ്ഥാന പ്രവർത്തക സമിതി അംഗം കെ എൻ എ ഖാദർ സുപ്രഭാതം പത്രത്തിലെഴുതിയ ലേഖനത്തിലാണ് ബദൽ നയമില്ലാതെ ഭരണം സാധ്യമല്ലെന്ന് തുറന്നടിച്ചത്.
ജനാധിപത്യ- മതനിരപേക്ഷ മുന്നണിക്കേ ബിജെപിയെ നീക്കി അധികാരത്തിലെത്താനാകൂ. അതിന് പരിചയസമ്പത്തും വിവേകവുമുള്ള നേതൃത്വം വേണമെന്നും ഖാദർ എടുത്തുപറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസിനേറ്റ കനത്ത തോൽവിയുടെ പശ്ചാത്തലത്തിലാണ് ലേഖനം.
കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനത്തിലടക്കം ലീഗിൽ അതൃപ്തി ശക്തമാണ്. പാർടിയിൽ വളരുന്ന കോൺഗ്രസ് വിരുദ്ധ വികാരത്തിന്റെ ഭാഗമാണ് ഈ പരസ്യനിലപാട്. യുഡിഎഫ് രാഷ്ട്രീയത്തിലും ലീഗ് നിലപാട് ചലനമുണ്ടാക്കും. തെരഞ്ഞെടുപ്പിന്റെ തലേന്നാൾ തട്ടിക്കൂട്ടിയുണ്ടാക്കുന്ന മുന്നണിക്ക് തെരഞ്ഞെടുപ്പ് ജയിക്കാനാക്കില്ലെന്ന പരാമർശത്തിലാണ് ‘ബദൽ നയമില്ലാതെ ബദൽ ഭരണമുണ്ടാവില്ല’ എന്ന ലേഖനം തുടങ്ങുന്നത്. കൃത്യമായ നയവും പരിപാടിയും വേണം. അല്ലാതെ നിലവിലെ ഭരണത്തിന്റെ തനിയാവർത്തനം നടത്തിയിട്ട് കാര്യമില്ല. പ്രഖ്യാപിച്ച നയവും പരിപാടിയും നടപ്പാക്കുമെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണമെന്നും ലേഖനത്തിൽ പറയുന്നു.