കോട്ടയം
സിൽവർ ലൈനിനെതിരെ പ്രതിഷേധം നടന്ന മാടപ്പള്ളി പഞ്ചായത്ത്, പദ്ധതിവന്നാൽ ഇല്ലാതാകുമെന്ന കള്ളപ്രചാരണവുമായി യുഡിഎഫ് പത്രം. സമരസമിതിയുടെ പൊള്ളയായ വാദങ്ങൾ ഉയർത്തിക്കാട്ടിയാണ് മനോരമയുടെ പ്രചാരണം. പഞ്ചായത്തിന്റെ മൂന്നിലൊന്ന് ഭാഗം ഇല്ലാതാകുമെന്നും 400 വീടുകൾ ഏറ്റെടുക്കേണ്ടി വരുമെന്നുമാണ് ‘വാർത്ത’. പക്ഷേ അലൈൻമെന്റ് അനുസരിച്ചുള്ള കല്ലിട്ട് സാമൂഹികാഘാത പഠനം നടത്താതെ എത്ര വീടുകൾ ഏറ്റെടുക്കേണ്ടി വരുമെന്ന് കൃത്യമായി പറയാനാകില്ല.
പഞ്ചായത്തിലെ 50 സർവേ നമ്പറുകളിലെ ഭൂമിയിയിലാണ് സർവേ നടത്തുന്നത്. ഈ ഭൂമി മുഴുവൻ ഏറ്റെടുക്കുമെന്ന മിഥ്യാധാരണയിലാണ് പഞ്ചായത്തിലെ മൂന്നിലൊന്ന് ഭാഗം ഇല്ലാതാകുമെന്ന പ്രചാരണം. എന്നാൽ ഇതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഏറ്റെടുക്കുക. 400 വീടുകൾ പെരുപ്പിച്ച കണക്കാണെന്ന് കെ റെയിൽ, റവന്യൂ അധികൃതരും വ്യക്തമാക്കി.
മാടപ്പള്ളി പഞ്ചായത്തിൽ 5.9 കി.മീറ്ററിലാണ് സിൽവർ ലൈൻ കടന്നുപോകുക. നിരപ്പായ സ്ഥലത്ത് 20 മീറ്ററും ഉയർന്ന പ്രദേശത്ത് 25 മീറ്ററുമാണ് ഏറ്റെടുക്കുന്നത്. സ്റ്റേഷൻ സ്ഥാപിക്കുന്ന പനച്ചിക്കാട് പഞ്ചായത്തിലുള്ളത്ര സ്ഥലംപോലും മാടപ്പള്ളിയിൽ ഏറ്റെടുക്കേണ്ടി വരില്ല. സമരക്കാരോട് ഇതുസംബന്ധിച്ച് കൃത്യമായി അധികൃതർ വിശദീകരിച്ചതാണെങ്കിലും ചിലർ കണക്കുകൾ പെരുപ്പിച്ച് കാട്ടുകയായിരുന്നു.