കൽപ്പറ്റ
തന്റെ ജീവിതാനുഭവം അഭ്രപാളിയിൽ എത്തിയതിന്റെ ആഹ്ലാദത്തിലാണ് കൽപ്പറ്റ എമിലി സ്വദേശി സൗമ്യ. മാല പറിച്ചെടുത്ത് കടന്നുകളയാൻ ശ്രമിച്ച മോഷ്ടാക്കളെ കിലോമീറ്ററുകളോളം പിന്തുടർന്ന് പിടികൂടിയ സൗമ്യയുടെ അസാധാരണ കഥയാണ് വി കെ പ്രകാശ് സംവിധാനംചെയ്ത ‘ഒരുത്തീ’ സിനിമ. സിനിമയും കഥാപാത്രങ്ങളും പ്രേക്ഷകരിൽ സ്വീകരിക്കപ്പെട്ടത് തന്നെ പോലെയുള്ള സ്ത്രീകൾക്ക് കൂടുതൽ ധൈര്യം പകരുന്നതായി അവർ കൽപ്പറ്റയിൽ ‘മീറ്റ് ദ പ്രസിൽ’ പറഞ്ഞു.
വയനാട്ടിൽ എത്തുന്നതിന് മുമ്പ് അമ്മക്കും മകൾക്കും ഒപ്പം കരുനാഗപ്പള്ളിക്കടുത്ത മെെനാഗപ്പള്ളിയിലായിരുന്നു താമസം. ഭർത്താവ് ജോലിയുമായി ബന്ധപ്പെട്ട് ദൂരെയാണ്. അമ്മക്ക് തൊഴിലുറപ്പ് ജോലിയിൽനിന്നും ലഭിച്ച പണം കൊണ്ട് പണയംവച്ച മൂന്ന് പവൻ മാല തിരിച്ചെടുത്ത ദിവസമായിരുന്നു സംഭവം.
സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടയിൽ രണ്ടുപേർ ബെെക്കിലെത്തി കഴുത്തിലണിഞ്ഞ മാല കവർന്നു. നിലവിളിച്ചിട്ട് കാര്യമില്ലെന്ന് ബോധ്യമായതോടെ മോഷ്ടാക്കൾ സഞ്ചരിച്ച ഭാഗത്തേക്ക് അതിവേഗത്തിൽ മൂന്ന് കിലോമീറ്ററോളം സ്കൂട്ടറിൽ പോയി അവരെ കണ്ടെത്തി തടയുകയായിരുന്നു. പിടിവലിക്കിടയിൽ മാലയുമായി ഒരാൾ കായലിലേക്ക് ചാടി. ശബ്ദം കേട്ടെത്തിയ നാട്ടുകാർ പൊലീസിനെ അറിയിച്ചു. അടുത്ത ദിവസം രക്ഷപ്പെട്ടയാളെയും മാലയും പൊലീസ് കണ്ടെത്തി. മൂന്ന് മാസത്തിന് ശേഷം മാല കോടതിയിൽ നിന്ന് തിരിച്ചുകിട്ടി.- ഇതുസംബന്ധിച്ച് ചില മാധ്യമങ്ങളിൽ അന്ന് വാർത്തകൾ വന്നിരുന്നു. കുറച്ച് കഴിഞ്ഞാണ് കഥാകൃത്ത് സുരേഷ്ബാബു ഫോണിൽ വിളിച്ച് തന്റെ അനുഭവം സിനിമയാക്കുന്നതായി അറിയിച്ചത്. പിന്നീട് നവ്യാനായരും വിളിച്ചു. സിനിമ കണ്ടു. യഥാർഥ്യവുമായി സിനിമയും നവ്യാനായരുടെ രാധാമണിയും നീതിപുലർത്തിയതായും സൗമ്യ പറഞ്ഞു. കൽപ്പറ്റ നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷെെജുവാണ് ഭർത്താവ്. മകൾ: സോന. എഐവെെഎഫ് വയനാട് ജില്ലാ വെെസ് പ്രസിഡന്റ് കൂടിയാണ് സൗമ്യ.