ന്യൂഡൽഹി
മുല്ലപ്പെരിയാർ മേൽനോട്ടസമിതി പുനഃസംഘടിപ്പിക്കുമെന്നും സമിതിക്ക് കൂടുതൽ അധികാരം നൽകുമെന്നും സുപ്രീംകോടതി. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികളിൽ അന്തിമവാദം കേൾക്കവെയാണ് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ വാക്കാലുള്ള നിരീക്ഷണം. കേരളം, തമിഴ്നാട് സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്തെല്ലാം അധികാരമാണ് നൽകേണ്ടതെന്ന ശുപാർശ സമർപ്പിക്കാൻ ഇരു സംസ്ഥാനത്തോടും നിർദേശിച്ചു. ഇതിനായി, സംയുക്ത യോഗം ചേരണം. ചൊവ്വാഴ്ച വാദം തുടരും. അന്ന് സംയുക്ത യോഗത്തിന്റെ മിനിറ്റ്സ് ഹാജരാക്കണം.
സുരക്ഷാവെല്ലുവിളികൾക്ക് ശാശ്വതപരിഹാരം പുതിയ അണക്കെട്ട് മാത്രമാണെന്ന വാദം വ്യാഴാഴ്ചയും കേരളം ഉന്നയിച്ചു. ഇക്കാര്യത്തില്‍ ചർച്ച മേൽനോട്ടസമിതി നടത്തട്ടേയെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ജലനിരപ്പ് 142 അടിയിൽനിന്ന് ഉയർത്തുന്ന കാര്യം പരിഗണനയിൽ ഇല്ലെന്നും കോടതി പറഞ്ഞു. പാരിസ്ഥിതിക പഠനം അന്തിമഘട്ടത്തിലാണെന്നും മാസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്നും കേരളം അറിയിച്ചു.
അണക്കെട്ടിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് കോടതി നിരീക്ഷിച്ചു. തമിഴ്നാട് സുരക്ഷ ഒരുക്കുന്നില്ലെന്നാണ് കേരളത്തിന്റെ പരാതി. സുരക്ഷ ശക്തമാക്കാനുള്ള നടപടികൾക്ക് കേരളം അനുമതി നൽകുന്നില്ലെന്നാണ് തമിഴ്നാടിന്റെ ആരോപണം. തർക്കം തുടർന്നാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. മേൽനോട്ടസമിതി പുനഃസംഘടിപ്പിച്ച് അധികാരം നൽകുകയാണ് പോംവഴിയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേരളത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ്ഗുപ്തയും അഡ്വ. ജി പ്രകാശും ഹാജരായി.