ജനീവ
റഷ്യയുടെ സൈനിക നടപടി തുടങ്ങി ഒരുമാസം പിന്നിടുമ്പോൾ ഉക്രയ്നിൽ പകുതിയോളം കുട്ടികളും കുടിയിറക്കപ്പെട്ടെന്ന് യുഎൻ. ഉക്രയ്നിലെ 75 ലക്ഷം കുട്ടികളിൽ 43 ലക്ഷം പേർക്കും അവരവരുടെ വീടുവിട്ട് പോകേണ്ടിവന്നുവെന്ന് യുനിസെഫ് അറിയിച്ചു. സൈനിക നടപടി ആരംഭിച്ചശേഷം 18 ലക്ഷം കുട്ടികൾ അഭയാർഥികളായി. 25 ലക്ഷം പേർ വീട് നഷ്ടപ്പെട്ട് ഉക്രയ്നിൽ തുടരുകയാണ്.
യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ (യുഎൻഎച്ച്ആർസി) കണക്കുപ്രകാരം 81 കുട്ടികൾ ഉക്രയ്നിൽ കൊല്ലപ്പെട്ടു. 108 പേർക്കു പരിക്കേറ്റു. എന്നാൽ, ശരിയായ കണക്കുകൾ ഇതിലും കൂടുമെന്നും യുഎൻഎച്ച്ആർസി അറിയിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം കുട്ടികൾ കുടിയിറക്കപ്പെടാൻ റഷ്യ–- ഉക്രയ്ൻ യുദ്ധം കാരണമായെന്ന് യുനിസെഫ് മേധാവി കാതറിൻ റസ്സൽ പറഞ്ഞു.
തലമുറകളോളം ഇതിന്റെ പ്രത്യാഘാതം നിലനിൽക്കും. സംഘർഷം തുടരുന്നതിനാൽ കുട്ടികളുടെ സുരക്ഷയും ക്ഷേമവും അടിസ്ഥാനസേവനങ്ങളുടെ ലഭ്യതയും ഭീഷണിയിലാണെന്നും അവർ പറഞ്ഞു.
കൂടുതൽ സൈന്യത്തെ
അയക്കുമെന്ന് നാറ്റോ
കിഴക്കൻ യൂറോപ്പിൽ കൂടുതൽ സൈന്യത്തെ നിയോഗിക്കാൻ തീരുമാനിച്ച് നാറ്റോ. ബ്രസൽസിൽ ചേർന്ന അടിയന്തര ഉച്ചകോടിയിലാണ് തീരുമാനം. ഉക്രയ്നിലെ സൈനിക നടപടി അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് മേൽ സമ്മർദം ചെലുത്താൻ ലക്ഷ്യമിട്ട് മൂന്ന് ഉച്ചകോടിയാണ് നാറ്റോ നടത്തുന്നത്. യുദ്ധം യൂറോപ്പിലും ലോകത്താകമാനവും സാമ്പത്തിക, സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിച്ചതോടെയാണിത്. സ്ലോവാക്യ, ഹംഗറി, ബൾഗേറിയ, റൊമാനിയ എന്നിവിടങ്ങളിലേക്ക് സൈന്യത്തിന്റെ നാല് സംഘത്തെ അയക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോളൻബർഗ് പറഞ്ഞു. ഉക്രയ്നിൽ 7000 മുതൽ 15000 വരെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടിരിക്കാമെന്ന് നാറ്റോ അവകാശപ്പെട്ടിരുന്നു.