ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തുന്നതിനുമുമ്പ് സിൽവർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാർ ഡൽഹിയിൽ നടത്തിയ പ്രതിഷേധനാടകം പൊളിഞ്ഞു. അതിസുരക്ഷാ മേഖലയായ പാർലമെന്റിലേക്ക് മാർച്ച് ചെയ്ത എംപിമാരെ ഡൽഹി പൊലീസ് തടഞ്ഞു. എംപിമാരാണെന്നും പാർലമെന്റിൽപോയി പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും പറഞ്ഞ് എംപിമാർ ബഹളമുണ്ടാക്കി. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ബലംപ്രയോഗിച്ചു. ഇതിനിടെ, പൊലീസ് മുഖത്തടിച്ചെന്ന് ഹൈബി ഈഡൻ പറഞ്ഞു. പുരുഷ പൊലീസുകാർ കൈയേറ്റം ചെയ്തെന്ന് രമ്യ ഹരിദാസും ആരോപിച്ചു. ചില മാധ്യമപ്രവർത്തകർക്ക് നേരെയും കൈയേറ്റമുണ്ടായി.
വ്യാഴാഴ്ച ‘കാര്യമായ സംഭവങ്ങൾ ഉണ്ടാകും’ എന്ന് ചില മാധ്യമപ്രവർത്തകർക്ക് എംപിമാർ വിവരം നൽകിയിരുന്നു. കെ മുരളീധരൻ, ബെന്നിബഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഇ ടി മുഹമ്മദ് ബഷീർ, അബ്ദുസമദ്സമദാനി, എൻ കെ പ്രേമചന്ദ്രൻ, ആന്റോആന്റണി, ടി എൻ പ്രതാപൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ് എന്നിവരാണ് പ്രതിഷേധമായെത്തിയത്. വയനാട് എംപി രാഹുൽഗാന്ധിയും കെപിസിസി പ്രസിഡന്റുകൂടിയായ കെ സുധാകരനും മുതിർന്ന നേതാവ് എ കെ ആന്റണിയും ശശി തരൂരും പങ്കെടുത്തില്ല. ഡൽഹിപൊലീസ് നടപടിക്കു പിന്നിൽ എൽഡിഎഫ് സർക്കാരാണെന്ന വിചിത്രവാദവും മാധ്യമങ്ങൾക്ക് മുന്നിൽ എംപിമാർ അവതരിപ്പിച്ചു.
വിഷയം ലോക്സഭയിലും രാജ്യസഭയിലും ഉന്നയിച്ചു. ഡൽഹി കമീഷണറോട് വിശദീകരണം തേടുമെന്ന് സ്പീക്കർ ഓംബിർള പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിൽനിന്ന് റിപ്പോർട്ട് തേടുമെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യനായിഡുവും പ്രതികരിച്ചു.എന്നാൽ, യുഡിഎഫ് എംപിമാരെ കൈയേറ്റം ചെയ്തെന്ന ആരോപണം ഡൽഹി പൊലീസ് നിഷേധിച്ചു.
പാർലമെന്റിലേക്ക് മലയാളത്തിൽ ബഹളമുണ്ടാക്കി നീങ്ങിയവരോട് തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാത്തതിനെത്തുടർന്ന് തടഞ്ഞു. എംപിമാരാണെന്ന് സ്ഥിരീകരിച്ച് കടത്തിവിട്ടെന്നും പൊലീസ് പ്രസ്താവനയിറക്കി.
സ്ഥാനം അറിഞ്ഞ് പ്രവര്‍ത്തിക്കണം
സംഭവത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോള്‍ ഓരോരുത്തരും സ്ഥാനം അറിഞ്ഞ് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു.