ന്യൂഡൽഹി
മാസം 15,000 രൂപയിൽ കൂടുതൽ വേതനം ഉള്ളവർക്കായി ഇപിഎഫ്ഒ പുതിയ പെൻഷൻ പദ്ധതി ആലോചിക്കുന്നില്ലെന്ന് തൊഴിൽ സഹമന്ത്രി രാമേശ്വർ തേലി രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനെ അറിയിച്ചു. കഴിഞ്ഞ മാർച്ച് 31ലെ കണക്കുപ്രകാരം, അവകാശികളില്ലാതെ ഇപിഎഫ്ഒയിൽ 3930.85 കോടി രൂപയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇപിഎഫ് പെൻഷൻ പദ്ധതിയിൽ ചേരാനുള്ള വേതനപരിധി 15,000 രൂപയിൽനിന്ന് ഉയർത്തുമോ, മിനിമം പെൻഷൻ 10,000 രൂപയായി വർധിപ്പിക്കുമോ എന്ന ചോദ്യങ്ങൾക്ക് മന്ത്രി കൃത്യമായ മറുപടി നൽകിയില്ല. 2014 മുതൽ ബജറ്റ് സഹായത്തോടെയാണ് 1000 രൂപ മിനിമം പെൻഷൻ നൽകുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.