ചെന്നെെ
ഐപിഎല്ലിൽ മഹേന്ദ്രസിങ് ധോണിയുടെ മായാജാലം അവസാനിക്കുന്നു. ചെന്നെെ സൂപ്പർകിങ്സ് ക്യാപ്റ്റൻ സ്ഥാനത്ത് ധോണിയില്ല. നാളെ ആരംഭിക്കുന്ന ടൂർണമെന്റിൽ കളിക്കാരനായി തുടരും. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്കാണ് ക്യാപ്റ്റൻസ്ഥാനം കെെമാറിയത്. തീരുമാനം ധോണിയുടേതാണെന്ന് ചെന്നെെ ടീം അധികൃതർ അറിയിച്ചു.
ഐപിഎൽ ചരിത്രത്തിലെ ഇതിഹാസതാരമാണ് ധോണി. നാലുതവണ ടീമിനെ ഐപിഎൽ ചാമ്പ്യൻമാരാക്കി. 2010, 2011, 2018, 2021 വർഷങ്ങളിലാണ് ചാമ്പ്യൻമാരാക്കിയത്. ചെന്നെെ ടീമിന്റെ വിലക്കുകാലഘട്ടത്തിലും 2020ലും ഒഴികെ മറ്റെല്ലാ സീസണുകളിലും പ്ലേ ഓഫിൽ എത്തിച്ചു. 2008, 2012, 2013, 2015, 2019 വർഷങ്ങളിൽ റണ്ണറപ്പായി. 204 മത്സരങ്ങളിൽ 121 എണ്ണത്തിലും ജയം. രണ്ടു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും. 2015ൽ വാതുവയ്പുവിവാദത്തിൽ ചെന്നെെക്ക് വിലക്ക് വന്നപ്പോൾ രണ്ടുവർഷം റൈസിങ് പുണെ സൂപ്പർ ജയന്റ്സിനുവേണ്ടിയാണ് ധോണി കളിച്ചത്. 2018ൽ കിരീടത്തോടെ തിരിച്ചുവരവ്.
പ്രഥമ ഐപിഎൽ നടന്ന 2008ലെ താരലേലത്തിൽ ധോണിയായിരുന്നു താരം. 2007ൽ ഇന്ത്യയെ പ്രഥമ ട്വന്റി–20 ലോക ചാമ്പ്യൻമാരാക്കിയ ധോണിയെ എന്ത് വിലകൊടുത്തും കൂടാരത്തിൽ എത്തിക്കണമെന്നായിരുന്നു ചെന്നെെ ടീം ഉടമ എൻ ശ്രീനിവാസന് കിട്ടിയ നിർദേശം. തമിഴ്നാട് ടീമിന്റെ മുൻ ക്യാപ്റ്റനായ വി ബി ചന്ദ്രശേഖറായിരുന്നു അതിനുപിന്നിൽ. ശേഷം ചരിത്രം. ആദ്യസീസണിൽത്തന്നെ ടീമിനെ ഫെെനൽവരെ എത്തിച്ചു. രാജസ്ഥാൻ റോയൽസിനോട് ഫെെനലിൽ തോറ്റെങ്കിലും ധോണിയുടെ നായകമികവ് ലോകം കണ്ടു. രാജ്യാന്തരതലത്തിലെ മികവ് ഐപിഎല്ലിലും ആവർത്തിച്ചു. ഐപിഎല്ലിൽ ഒരു സീസണിൽ കൂടി കളിച്ചേക്കുമെന്നാണ് സൂചന.
2012ലാണ് ജഡേജ ചെന്നെെ ടീമിന്റെ ഭാഗമാകുന്നത്. ധോണിക്കും സുരേഷ് റെയ്നയ്ക്കുംശേഷം ചെന്നെെയെ നയിക്കുന്ന ക്യാപ്റ്റൻ.
കഴിഞ്ഞ രണ്ട് സീസണുകളിലായി ഈ ഓൾറൗണ്ടർ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.