ന്യൂഡൽഹി
രാഷ്ട്രീയത്തിൽനിന്ന് വിരമിച്ച് സാമൂഹ്യ സേവനങ്ങളിൽ കൂടുതൽ സജീവമാകാൻ പലപ്പോഴും തീവ്രമായി ആഗ്രഹിച്ചിട്ടുണ്ടെന്ന് കോൺഗ്രസിലെ വിമത വിഭാഗമായ ജി–-23ന് നേതൃത്വം നൽകുന്ന ഗുലാംനബി ആസാദ്. സമൂഹത്തിൽ ശരിയായ മാറ്റം കൊണ്ടുവരുന്നതിൽ രാഷ്ട്രീയപാർടികൾക്കുള്ള ശേഷിയിൽ തനിക്ക് സംശയമുണ്ടെന്നും ബുദ്ധിമുട്ടേറിയ ഘട്ടങ്ങളിൽ പൗരസമൂഹത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും ഗുലാംനബി പറഞ്ഞു. പത്മഭൂഷൺ നേട്ടത്തിൽ ആദരിക്കാൻ ജമ്മുവിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഗുലാംനബി വിരമിക്കൽ സൂചന നൽകിയത്. കോൺഗ്രസടക്കം എല്ലാ പാർടികളും മതവും ജാതിയുമടക്കം വിവിധ വിഷയങ്ങളുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപ്രസംഗം നടത്തില്ലെന്ന ആമുഖത്തോടെ നടത്തിയ പ്രസംഗത്തിലുടനീളം രാഷ്ട്രീയ പാർടികളെ കുറ്റപ്പെടുത്തി.
കോൺഗ്രസും ജനങ്ങളെ ഭിന്നിപ്പിച്ചിട്ടുണ്ടെന്ന ഗുലാംനബിയുടെ പരാമർശത്തിനെതിരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു. ജി–-23 വിഭാഗവും കോൺഗ്രസ് നേതൃത്വവുമായി അനുരഞ്ജന നീക്കം തുടരുന്നതിനിടെ ഗുലാംനബിയുടെ വിവാദ പരാമർശം അടുത്ത തർക്കമായി മാറുകയാണ്.