ലിവ്യൂ
മരിയൂപോളിൽ ആയുധംവച്ച് കീഴടങ്ങണമെന്ന റഷ്യയുടെ ആവശ്യം തള്ളി ഉക്രയ്ൻ. നഗരത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ സുരക്ഷിത ഇടനാഴി ഒരുക്കുന്നതിനു പകരമായി ഉക്രയ്ൻ സൈന്യം കീഴടങ്ങി വെള്ളക്കൊടി ഉയർത്തണമെന്നായിരുന്നു റഷ്യയുടെ നിർദേശം.കീഴടങ്ങില്ലെന്നും അക്കാര്യത്തിൽ ചർച്ചയില്ലെന്നും റഷ്യയെ അറിയിച്ചതായി ഉക്രയ്ൻ ഉപപ്രധാനമന്ത്രി ഐറിന വെരെഷ്ചുക് പറഞ്ഞു. കിഴക്കൻ റഷ്യയിലേക്കും പടിഞ്ഞാറൻ ഉക്രയ്നിലേക്കും നീളുന്ന രണ്ട് മാനുഷിക ഇടനാഴിയാണ് റഷ്യയുടെ കേണൽ ജനറൽ മിഖയേൽ മിസിന്റ്സെവ് മുന്നോട്ടുവച്ചത്.
കെമിക്കൽ പ്ലാന്റിൽ ആക്രമണം
സുമിക്കു സമീപം കെമിക്കൽ പ്ലാന്റിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഷെല്ലാക്രമണത്തിൽ അമോണിയ ചോർച്ചയുണ്ടായതായി ഉക്രയ്ൻ പ്രോസിക്യൂട്ടർ ജനറൽ പറഞ്ഞു. എന്നാൽ, പ്രകോപനമുണ്ടാക്കാൻ ഉക്രയ്ൻ ആസൂത്രണം ചെയ്തതാണ് അമോണിയ ചോർച്ചയെന്ന് റഷ്യൻ സൈനിക വക്താവ് ഇഗർ കൊനാഷെൻകോവ് പറഞ്ഞു. റിവ്നിൽ ക്രൂയിസ് മിസൈൽ പ്രയോഗിച്ച് ഉക്രയ്ന്റെ സൈനിക പരിശീലനകേന്ദ്രം തകർത്തതായും 80 സൈനികർ കൊല്ലപ്പെട്ടെന്നും ഇഗർ പറഞ്ഞു. കീവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു.