തിരുവനന്തപുരം> സിപിഐ എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത് വിവാദമായതിൽ കോൺഗ്രസ് എംപി ശശി തരൂരിന് അതൃപ്തി. വിഷയത്തിൽ എഐസിസി തീരുമാനം വരുന്നതിന് മുമ്പായി തന്നെ ചിലർ അഭിപ്രായവ്യത്യാസങ്ങൾ പരസ്യപ്പെടുത്തി അനാവശ്യ വിവാദം സൃഷ്ടിക്കാൻ താൽപ്പര്യപ്പെട്ടുവെന്നും ഭാവിയിൽ എങ്കിലും ബോധത്തോടെ പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നതായും തരൂർ പ്രസ്താവനയിൽ പറഞ്ഞു.
സിപിഐ എം സംസ്ഥാന സമ്മേളനത്തിനും തനിക്ക് സമാനമായ ക്ഷണം ലഭിച്ചിരുന്നു. കോൺഗ്രസ് പ്രസിഡന്റുമായി ആലോചിച്ച് വിവാദമില്ലാതെ അന്ന് തീരുമാനമെടുത്തു. ഇക്കുറിയും അതേ രീതി ആകാമായിരുന്നു. എന്നാൽ ചിലർ വിവാദം താൽപ്പര്യപ്പെട്ടു. ഒരു ദേശീയ പാർടി അവരുടെ ദേശീയ സമ്മേളനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ചടങ്ങായതിനാലും കേരളത്തിലെ വിഷയങ്ങളുമായി ബന്ധമില്ലാത്തതിനാലുമാണ് താൻ ക്ഷണം സ്വാഗതം ചെയ്തത്. സിപിഐഎമ്മുമായുള്ള ദേശീയതലത്തിലെ ബന്ധം, കേന്ദ്ര–- സംസ്ഥാന ബന്ധം എന്ന വിഷയം, മറ്റ് പാർടികളുടെ ക്ഷണം സ്വീകരിക്കേണ്ട രീതി എന്നിവയൊക്കെ പ്രത്യേകമായി പരിഗണിച്ച് നിലപാടിൽ എത്തേണ്ടതുണ്ടെന്നും തരൂർ പറഞ്ഞു.