ന്യൂഡൽഹി> കോൺഗ്രസിൽ വിമത നീക്കം ശക്തമാക്കിയ ഗുലാംനബി ആസാദ് തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് പത്മഭൂഷൺ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ഗുലാംനബി പുരസ്ക്കാരം സ്വീകരിച്ചത്. മോദി അടക്കമുള്ളവർകരഘോഷത്തോടെ ഗുലാംനബിയെ വരവേറ്റു. ഗുലാംനബിയ്ക്കൊപ്പം മുതിർന്ന സിപിഐഎം നേതാവും ബംഗാൾ മുൻമുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും പത്മഭൂഷൺ മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബിജെപി സർക്കാരിന്റെ അവാർഡ് സ്വീകരിക്കാനാവില്ലെന്ന നിലപാട് ബുദ്ധദേബ് സ്വീകരിച്ചു.
ജി–23 രൂപീകരിച്ച് കോൺഗ്രസിനുള്ളിൽ വിമത നീക്കം ശക്തമാക്കിയതിന് പിന്നാലെയായിരുന്നു ഗുലാംനബിക്ക് കേന്ദ്ര സർക്കാർ പത്മഭൂഷൺ പ്രഖ്യാപിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരായി നിലപാട് കടുപ്പിച്ചിരിക്കയാണ് ജി–23. മറ്റ് പത്മ ജേതാക്കളും രാഷ്ട്രപതിയിൽ നിന്ന് പുരസ്ക്കാരം സ്വീകരിച്ചു. ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനായി മക്കൾ കൃതികയും തരിണിയും പുരസ്ക്കാരം സ്വീകരിച്ചു.