തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹ്യാഘാത പഠത്തിനാണ് കല്ലിടുന്നതെന്നും ഭൂമി ഏറ്റെടുക്കാനല്ലെന്നും കെ റെയിൽ എംഡി വി അജിത് കുമാർ പറഞ്ഞു. പൂർണ സംതൃപ്തി നൽകുന്ന നഷ്ടപരിഹാരത്തുക കൈമാറിയശേഷമേ ഭൂമി ഏറ്റെടുക്കൂവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
നിയമം അനുശാസിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്. പദ്ധതി ബാധിക്കുന്നവരെ കണ്ടെത്തണം. ഈ ഘട്ടത്തിൽ ആരുടെയെങ്കിലും ഭൂമിയോ വസ്തുവകകളോ കൈവശപ്പെടുത്തില്ല. സർക്കാരിന്റെയും റെയിൽവേ ബോർഡിന്റെയും അന്തിമാനുമതിക്കു ശേഷമേ ഭൂമി ഏറ്റെടുക്കൂ. സാമൂഹ്യാഘാതപഠനം നടത്തിയാലേ പദ്ധതിയെ പിന്തുണയ്ക്കുന്നവരെയും എതിർക്കുന്നവരെയും മനസ്സിലാക്കാനും നഷ്ടപരിഹാരം നൽകാനും കഴിയൂ. സാമൂഹ്യാഘാത പഠനം വിലയിരുത്താൻ പബ്ലിക് ഹിയറിങ് നടത്തി റിപ്പോർട്ട് തയ്യാറാക്കും. ഇത് വിദഗ്ധ സമിതി പരിശോധിച്ചശേഷം സർക്കാരിനു കൈമാറും. സമിതിയിൽ രണ്ട് സാമൂഹ്യശാസ്ത്രജ്ഞർ, തദ്ദേശഭരണ പ്രതിനിധികൾ, പുനരധിവാസ വിദഗ്ധർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ അംഗങ്ങളായിരിക്കും.
വിദഗ്ധസമിതി അലൈൻമെന്റ് മാറ്റാൻ നിർദേശിച്ചാൽ നടപടിയുണ്ടാകും. ഇഷ്ടമുള്ളവർക്ക് നഷ്ടപരിഹാരം ബോണ്ടായി കെ റെയിലിൽ നിക്ഷേപിച്ച് പലിശസഹിതം തിരിച്ചെടുക്കാം.
കല്ലിടലുമായി മുന്നോട്ട്
പ്രതിഷേധക്കാർ പിഴുതെറിഞ്ഞ കല്ലുകൾ വീണ്ടും സ്ഥാപിച്ച് പഠനം പൂർത്തിയാക്കും. നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുമെന്ന ആശങ്ക ആർക്കും വേണ്ട. കല്ലിടാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. രണ്ടുമാസം കൊണ്ട് ഇത് പൂർത്തിയാക്കും. മൂന്നുമാസം കൊണ്ട് പാരിസ്ഥിതിക പഠനം നടത്തും. തത്വത്തിൽ അനുമതി ലഭിച്ച എല്ലാ പദ്ധതികളുടെയും പ്രവർത്തനത്തിന് കല്ലിടുക സ്വാഭാവിക നടപടിയാണെന്നും അജിത് കുമാർ പറഞ്ഞു.