മംഗളൂരു
ഹിജാബിനു പിന്നാലെ കർണാടകത്തിലെ ക്ഷേത്രോത്സവങ്ങളിലും വർഗീയ ചേരിതിരിവുണ്ടാക്കാൻ സംഘപരിവാർ. സർക്കാർ വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ട കടകൾക്കായുള്ള ലേലത്തിൽനിന്ന് മുസ്ലിം സമുദായത്തിൽപ്പെട്ടവരെ വിലക്കി.ചൊവ്വാഴ്ച ഉത്സവം ആരംഭിക്കുന്ന ഉഡുപ്പി ഹൊസ മാരിഗുഡി ക്ഷേത്രോത്സവത്തിന് കടകൾ ലേലം ചെയ്യവെ മുസ്ലിം വിഭാഗത്തിന് നൽകേണ്ടതില്ലെന്ന് ക്ഷേത്രക്കമ്മിറ്റി പ്രമേയം പാസാക്കി.
ഹിജാബ് വിഷയത്തിൽ ബന്ദ് നടത്തി കടകളെല്ലാം അടപ്പിച്ച മുസ്ലിങ്ങൾക്ക് ഉത്സവക്കടകൾ നടത്താൻ അനുവാദം കൊടുക്കരുതെന്ന് സംഘപരിവാർ നിർദേശിച്ചിരുന്നു. ഇതിനാലാണ് തീരുമാനമെന്ന് കമ്മിറ്റി പ്രസിഡന്റ് രമേഷ് ഹെഗ്ഡെ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ തീരുമാനത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി ജില്ലാ ഡെപ്യൂട്ടി കമീഷണർ കുർമ റാവുവിന് സിപിഐ എം നിവേദനം നൽകി. മതേതര രാജ്യത്ത് എല്ലാ മതങ്ങളെയും ഒരുപോലെ കാണണമെന്ന് ജില്ലാ സെക്രട്ടറി ബാലകൃഷ്ണ ഷെട്ടി പറഞ്ഞു. ഹൊസ മാരിഗുഡിക്ക് പിന്നാലെ തൊട്ടടുത്തുള്ള മറ്റു രണ്ട് മാരിഗുഡി ക്ഷേത്രങ്ങളും ശിവമോഗയിലെ ക്ഷേത്രവും ഉത്സവ സമയത്തെ കടകൾ നടത്തുന്നതിൽനിന്ന് മുസ്ലിം വിഭാഗത്തെ വിലക്കി.
ഹിജാബ് നിരോധനം ശരിവെച്ച കോടതി വിധിയിൽ പ്രതിഷേധിച്ച് മുസ്ലിം സംഘടനകൾ 17ന് ബന്ദ് നടത്തിയതോടെ സംഘപരിവാർ തങ്ങളുടെ വർഗീയ പ്രചാരണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.