ഹൈദരാബാദ്
തെലങ്കാനയിലെ സായുധ കർഷക പോരാട്ട നായികയും സിപിഐ എം സമുന്നത നേതാവുമായ മല്ലു സ്വരാജ്യം ഇനി ഓർമയിൽ ജ്വലിക്കുന്ന നക്ഷത്രം. ന്യുമോണിയയെത്തുടർന്ന് ഹൈദരാബാദിലെ ബഞ്ചാരാഹിൽസിലുള്ള കേർ ആശുപത്രിയിൽ മൂന്നാഴ്ചയായി ചികിത്സയിലായിരുന്ന മല്ലു സ്വരാജ്യം ശനിയാഴ്ചയാണ് അന്തരിച്ചത്.
ഞായർ പുലർച്ചെ 5.30 മുതൽ സിപിഐ എം തെലങ്കാന സംസ്ഥാന കമ്മിറ്റി ഓഫീസായ ബസവപുന്നയ്യ ഭവനിൽ പൊതുദര്ശനത്തിന് വച്ച മൃതദേഹത്തിൽ ആയിരങ്ങൾ പുഷ്പചക്രം അർപ്പിച്ചു. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാനെത്തിയവരുടെ കണ്ഠങ്ങളിൽനിന്ന് മല്ലു സ്വരാജ്യത്തിന്റെ വിപ്ലവ സ്മരണകൾ മുദ്രാവാക്യങ്ങളായി ഉയർന്നു.
രാവിലെ 9.45ഓടെ മൃതദേഹം വിലാപയാത്രയായി ജന്മനാടായ നൽഗൊണ്ടയിലെത്തിച്ചു. ഉച്ചയ്ക്ക് 1.30 വരെ ജില്ലാ കമ്മിറ്റി ഓഫീസിലും ക്ലോക്ക് ടവർ സെന്ററിലും പൊതുദർശനത്തിനെത്തിച്ചു. തുടർന്ന്, മൃതദേഹം നൽഗൊണ്ട മെഡിക്കല് കോളേജിന് കൈമാറി. വൈകിട്ട് നാലിന് വിലാപയാത്രയായാണ് മൃതദേഹം നൽഗൊണ്ട മെഡിക്കല് കോളേജിലേക്ക് കൊണ്ടുപോയത്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ ബി വി രാഘവുലു, സുഭാഷിണി അലി, തെലങ്കാന സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം, നാനാ തുറകളിലുള്ളവരും അന്ത്യാഞ്ജലി അർപ്പിച്ചു.