മലയാളം മിഷൻ ദുബായ് ചാപ്റ്റർ 2022 ലെ ആദ്യ അധ്യാപക സംഗമം മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. തനതു സംസ്കാരത്തെ തിരിച്ചറിഞ്ഞ് ഉയർത്തിപ്പിടിക്കാൻ കഴിയുന്ന സ്വത്വബോധമുള്ള ജനതയായി ആഗോള മലയാളി പുതു തലമുറയെ മാറ്റിയെടുക്കുകയാണ് മലയാളം മിഷന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഉദ്യമത്തിനായി പ്രവർത്തിക്കുന്ന മലയാള ഭാഷാ പോരാളികളാണ് മലയാളം മിഷൻ അധ്യാപകർ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബായ് ചാപ്റ്റർ ജോയിന്റ് സെക്രട്ടറി അംബുജം സതീഷ് സ്വാഗതം പറഞ്ഞ് ആരംഭിച്ച പരിപാടിയിൽ കൺവീനർ ഫിറോസിയ അധ്യക്ഷയായി. യു എ ഇ കോർഡിനേറ്റർ കെ എൽ ഗോപി, ചാപ്റ്റർ ചെയർമാൻ ദിലീപ് സി എൻ എൻ, എന്നിവർ ആശംസകൾ അറിയിച്ചു. ജോയിന്റ് കൺവീനർ റിംന അമീർ നന്ദി രേഖപ്പെടുത്തി.
റാഷിദിയയിൽ, രാവിലെ 10 30 ന് ആരംഭിച്ച പരിപാടിയിൽ 50 അധ്യാപകരും, ഭാരവാഹികളടക്കമുള്ള മറ്റ് പ്രവർത്തകരും ചേർന്ന് 65 പേർ പങ്കെടുത്തു. മുൻ കൺവീനറും വിദഗ്ദ്ധ സമിതിയംഗവുമായ ശ്രീകല, അധ്യാപകരായ സുനിൽ ആറാട്ടുകടവ്, സിജി ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിൽ പരിചയ സമ്പന്നരായ അധ്യാപകർ അവരുടെ അധ്യാപന രീതികൾ പങ്കുവച്ചും പുതിയ അധ്യാപകർക്ക് ആവശ്യമായ മാർഗ്ഗ നിർദേശങ്ങൾ നൽകിയും പരിപാടി സജീവമാക്കി. വിവിധ ആശയങ്ങൾ ചർച്ച ചെയ്തും പരീക്ഷിച്ചും പുതിയ അധ്യാപകരും ആവേശപൂർവ്വം പങ്കുചേർന്നു. മേഖല കോർഡിനേറ്റർ മാരായ സന്തോഷ് മടാരി, ഷാജേഷ്, ഷിജു, അഷ്റഫ് എന്നിവർ സംസാരിച്ചു. ചാപ്റ്റർ പ്രസിഡന്റ് സോണിയ ഷിനോയ് പുൽപ്പാട്ട്, സെക്രട്ടറി പ്രദീപ് തോപ്പിൽ, ഐ റ്റി കോർഡിനേറ്റർ ഷംസി റഷീദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.