തിരുവനന്തപുരം
പൊതുമേഖലയെ തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇൻഷുറൻസ് കോർപറേഷനുകൾ സ്വകാര്യവൽക്കരിക്കുന്നു. ടെലികോം, വൈദ്യുതി, റെയിൽവേ, എണ്ണ–- -പ്രകൃതി വാതകം, പുത്തൻ സാങ്കേതിക വിദ്യ, ഇൻഷുറൻസ്, ബാങ്കിങ് തുടങ്ങിയവ സ്വയംപര്യാപ്ത രാഷ്ട്രനിർമാണത്തിൽ പ്രധാന പങ്കുവഹിക്കുന്നവയാണ്. എല്ലാം കോർപറേറ്റുകൾക്ക് വിൽക്കുകയാണ്. ഈ നടപടി തിരുത്തണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്. എച്ച്എൽഎൽ സ്വകാര്യമേഖലയ്ക്ക് നൽകാതെ, സംസ്ഥാനത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്ത് നൽകി. പൂർണമായ അവഗണനയാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുള്ളത്. ഇതിനെതിരായി പ്രതിഷേധം ഉയരണമെന്നും പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
സംസ്ഥാന ചുമട്ടു തൊഴിലാളി നിയമപ്രകാരമുള്ള സംരക്ഷണം എല്ലാ തൊഴിലാളികൾക്കും ലഭ്യമാക്കും. വ്യാപാരമേഖലയിൽ സമാധാന അന്തരീക്ഷമാണ്. തൊഴിൽ പ്രശ്നം ഗൗരവത്തോടെ കൈകാര്യം ചെയ്യും. സ്ഥാപനത്തിന് തടസ്സമാകാതെ തൊഴിലാളികളുടെ നിയമാനുസൃത അവകാശം സംരക്ഷിച്ച്, തർക്കം പരിഹരിക്കലാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു.