തിരുവനന്തപുരം
സംസ്ഥാനത്ത് 2021ൽ സാംക്രമികരോഗ മരണം കുറഞ്ഞതായി സാമ്പത്തിക അവലോകന റിപ്പോർട്ട്. സാംക്രമികരോഗ പ്രതിരോധത്തിനായി നിരവധി പ്രവർത്തനം നടത്തിയിരുന്നു. ഇവ ഫലം കണ്ടതായി കണക്ക് സൂചിപ്പിക്കുന്നു.
ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻഗുനിയ, മലേറിയ, കരിമ്പനി, എച്ച്1 എൻ1 തുടങ്ങിയ പകർച്ചവ്യാധി ബാധിക്കുന്നവരുടെ എണ്ണവും മരണവും കുറഞ്ഞു. സാധാരണ പനിക്കു പുറമെ കൂടുതൽ പേരിൽ ബാധിക്കുന്ന രോഗം ഡെങ്കിപ്പനിയും ചിക്കൻപോക്സുമാണ്.
ജലജന്യരോഗങ്ങളും മരണവും കുറഞ്ഞു. 2019ൽ 1620 മഞ്ഞപ്പിത്ത (ഹെപ്പറ്റൈറ്റിസ് എ) രോഗികളും ഏഴു മരണവുമായിരുന്നു. 2020ൽ 464 രോഗികളും രണ്ടു മരണവുമായി. 2021 ആഗസ്ത് 31 വരെ 67 പേർക്ക് മാത്രമാണ് മഞ്ഞപ്പിത്തം ബാധിച്ചത്. മരണം സ്ഥിരീകരിച്ചിട്ടില്ല.
ആരോഗ്യഗവേഷണത്തിനും സാംക്രമികരോഗങ്ങളെ നിയന്ത്രിക്കുന്നതിനും അമേരിക്കയിലുള്ള സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ മാതൃകയില്‍ സംസ്ഥാനത്തും ആരംഭിക്കാനുള്ള നടപടിക്കും തുടക്കമായി. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാകും ഇവ ആരംഭിക്കുക.