തിരുവനന്തപുരം
വഖഫ് നിയമനം പിഎസ്സിക്ക് വിട്ട നടപടിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ മത–-സാമൂഹ്യ സംഘടനകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇവരുമായി സംസാരിച്ചാകും നടപ്പിലാക്കുക. വിഷയത്തെ രാഷ്ട്രീയമായി മുതലെടുക്കരുത്.
കോവിഡ് രൂക്ഷമായ ഘട്ടത്തിലാണ് കാസർകോട് മലബാർ ഇസ്ലാമിക് കോംപ്ലക്സിന്റെ 4.5 ഏക്കർ ഭൂമി ടാറ്റയുമായി ചേർന്നുള്ള ആശുപത്രി നിർമാണത്തിന് കൈമാറിയത്. ഇതിന് പകരം ഭൂമി നൽകും. വഖഫ് ഭൂമി സർക്കാർ കൈയേറിയിട്ടില്ല. ചില സംഘടനകൾ കുറ്റിക്കാട്ടൂരും തളിപ്പറമ്പിലും ഉൾപ്പെടെ വഖഫ് സ്വത്ത് കൈക്കലാക്കി. ഈ ഭൂമി തിരിച്ചുപിടിക്കും. വഖഫ് ബോർഡിന്റെ ഭരണപരമായ ചെലവിന് ബജറ്റിൽ വകയിരുത്തിയ 72 ലക്ഷം രൂപയും ഗ്രാന്റായി 1.32 കോടിയും ഈ സാമ്പത്തിക വർഷം കൈമാറി. കൂടുതൽ തുക ആവശ്യമെങ്കിൽ നൽകും. വഖഫ് ഭൂമി കൈമാറ്റം ചെയ്യാൻ കഴിയില്ല. എന്നാൽ, കുടിവെള്ളപദ്ധതി അടക്കമുള്ള പൊതു ആവശ്യത്തിന് നൽകുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.