തിരുവനന്തപുരം
സിൽവർ ലൈൻ അടിയന്തരപ്രമേയ ചർച്ച തിരിച്ചടിച്ചതിന്റെ ജാള്യതയിലായിരുന്നു ചൊവ്വാഴ്ച പ്രതിപക്ഷം. വെഞ്ഞാറമൂട് കൊലപാതകം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് വ്യക്തമാക്കി സ്പീക്കർ നോട്ടീസ് തള്ളി. ഇതോടെ ആശയക്കുഴപ്പം. മുദ്രാവാക്യം വിളിക്കണോ വേണ്ടയോ? നടുത്തളത്തിൽ ഇറങ്ങണോ വേണ്ടയോ? സഭ ശ്രദ്ധക്ഷണിക്കലിലേക്ക്. ചിലർ ഇറങ്ങി. ഇതിലും ഗ്രൂപ്പ് പോര്.
പൊതുമേഖലാ സംരക്ഷണം ആവശ്യപ്പെട്ടുള്ള പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി വി ശിവൻകുട്ടി മറുപടി പറയാൻ തുടങ്ങി. ‘പൊതുമേഖലയെ സംരക്ഷിക്കുന്ന വിഷയമാണ്, സഹകരിക്കണം ’ എന്ന് മന്ത്രി പറഞ്ഞു. ഇടയ്ക്ക് അനക്കമൊന്നും കേൾക്കാതായപ്പോൾ ‘ തളർന്നോ’ എന്ന് ശിവൻകുട്ടി ചോദിച്ചത് കൂട്ടച്ചിരി പടർത്തി. ‘കേന്ദ്രത്തിനെതിരെ മുദ്രാവാക്യം വിളിക്കാൻ തയ്യാറുണ്ടോ ? ’ എന്നും ചോദിച്ചു. ഇതിനിടെ വ്യക്തിപരമായി ആക്ഷേപിക്കാനുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ശ്രമത്തെയും ശിവൻകുട്ടി ശക്തമായി നേരിട്ടു. ‘സഭാനടപടികളിൽ അങ്ങ് ഗുരുവാണ് ’ എന്ന് സതീശൻ പറഞ്ഞപ്പോൾ ‘ഗുരുതുല്യനായി കാണുന്നതിൽ സന്തോഷം, ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് സഭയുടെ നടുത്തളത്തിൽ ഇറങ്ങിയിട്ടുണ്ട്. അതിൽ അഭിമാനവുമുണ്ട് ’ എന്ന് ശിവൻകുട്ടി തിരിച്ചടിച്ചു. പ്രതിഷേധം ക്ലച്ച് പിടിക്കുന്നില്ലെന്ന് കണ്ട് വാക്കൗട്ട് നടത്തുന്നതായി പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ വിട്ടു.