തിരുവനന്തപുരം
അതിവേഗ റെയിൽ പദ്ധതി യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചിരുന്നെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നുണ പൊളിച്ചടുക്കി കെ ടി ജലീൽ. തിങ്കളാഴ്ച നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ സതീശൻ പറഞ്ഞ നട്ടാൽക്കുരുക്കാത്ത നുണയെ നിയമസഭാ രേഖ ഉദ്ധരിച്ചാണ് ജലീൽ തുറന്നുകാട്ടിയത്.
2016 ഫെബ്രുവരി 17ന് മോൻസ് ജോസഫിന്റെ ചോദ്യത്തിന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നൽകിയ മറുപടി ഇങ്ങനെ. ‘അതിവേഗ റെയിൽ പദ്ധതിയുടെ വിശദമായ പദ്ധതിരേഖ ഡിഎംആർസി തയ്യാറാക്കുന്നുണ്ട്. ഇത് ലഭിച്ചാൽ കൂടുതൽ വിവരം നൽകാം’. ഇതിലെവിടെയും പദ്ധതി ഉപേക്ഷിച്ചെന്ന് മന്ത്രി പറഞ്ഞിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് 14 ദിവസം മുമ്പാണ് ഈ മറുപടി നൽകിയത്. ഇതേദിവസം കെ എൻ എ ഖാദറിന്റെ സാധ്യതാ പഠന റിപ്പോർട്ട് സംബന്ധിച്ച ചോദ്യത്തിന് ഡിഎംആർസി റിപ്പോർട്ട് കേരള അതിവേഗ റെയിൽ കോർപറേഷന് നൽകിയിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി.
ഇതേ മാസം ഏഴിന് മന്ത്രി നൽകിയ മറുപടി ഇങ്ങനെ. ‘526 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽപ്പാതയാണ് വിഭാവനം ചെയ്യുന്നത്. ട്രാക്കിന് 20 മീറ്റർ വീതിവേണ്ടിവരും. സമയബന്ധിതമായി സർവേ പൂർത്തീകരിച്ച്, പദ്ധതി രേഖ തയ്യാറാക്കും. ഇതിലെല്ലാം പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയി എന്ന് വ്യക്തമാണ്. ഇതിനുശേഷം പദ്ധതി എന്നാണ് ഉപേക്ഷിച്ചതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് ജലീൽ ആവശ്യപ്പെട്ടു.