കൊല്ലം
രാജ്യത്തിന്റെ നേട്ടങ്ങളെ തകർക്കുന്ന കേന്ദ്രസർക്കാർ രാക്ഷസീയമായ മൂലധന താൽപ്പര്യമാണ് നടപ്പാക്കുന്നതെന്ന് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ പത്താം സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനെ അവഗണിച്ച് 2014ൽ ഫോർ ജി നെറ്റ്വർക്ക് കുത്തകകൾക്ക് നൽകാൻ മോദി സർക്കാരിന് മടിയുണ്ടായില്ല. ലക്ഷ്യം തൊഴിലാളി താൽപ്പര്യമോ രാജ്യനന്മയോ അല്ല. ബിഎസ്എൻഎല്ലിൽ ഉൾപ്പെടെ കരാർജോലി തൊഴിലാളികൾക്ക് ഭീഷണിയാണ്. ഉള്ള തൊഴിൽ ഇല്ലാതാക്കുകയും പുതിയ നിയമനം നടത്താതിരിക്കുകയും ചെയ്യുന്നു. ഇതിനെതിരെ യോജിച്ച പോരാട്ടമല്ലാതെ മാർഗമില്ല. ഉത്തർപ്രദേശിൽ വിജയിച്ചതുകൊണ്ടോ വലിയ ആൾക്കൂട്ടം സംഘടിപ്പിച്ചതുകൊണ്ടോ ജനദ്രോഹ നയങ്ങൾക്കെതിരായ നാടിന്റെ പ്രതിഷേധം കുറഞ്ഞുവെന്ന് കേന്ദ്രം ഭരിക്കുന്നവർ കരുതേണ്ട. പൊതുമേഖല സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടൽ മാത്രമാണ് തൊഴിലാളികൾക്ക് ആശ്വാസമെന്നും ചന്ദ്രൻപിള്ള പറഞ്ഞു.