തിരുവനന്തപുരം
നാടിനെ പിന്നോട്ട് കൊണ്ടുപോകാൻ ഒരുപാട് ശക്തികൾ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ദൗർഭാഗ്യകരമാണ്. നാട് മാറണമെന്നല്ല, ജീർണമായ പഴയ സാമൂഹ്യവ്യവസ്ഥ പുനഃസൃഷ്ടിക്കണമെന്ന ആഗ്രഹമാണ് അവർക്ക്. എന്നാൽ, ആ ശക്തികൾക്ക് ഇവിടെ വിജയിക്കാനാകില്ല. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളും കാര്യങ്ങൾ ശരിയായി മനസ്സിലാക്കുന്ന ബഹുജനങ്ങളുമാണ് ഈ നാടിന്റെ കരുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ദളിത് ഫെഡറേഷൻ(കെഡിഎഫ്) രജത ജൂബിലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് പട്ടികവിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ വ്യാപക ആക്രമണം നടക്കുന്നു. സാമൂഹ്യമായി അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾ കൂടുതൽ അനീതിക്കും വിവേചനത്തിനും ഇരയാകുന്ന സാഹചര്യമാണ്. ഭരണസംവിധാനം അക്രമികളെ പ്രോത്സാഹിപ്പിക്കുന്നു. ഇതിനെതിരെ കൂടുതൽ ശക്തമായ ഇടപെടലുണ്ടാകണം. ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ തിരിച്ചറിയണം. പട്ടിക വിഭാഗങ്ങളെ മനുഷ്യരായി കണക്കാക്കാത്ത തത്വശാസ്ത്രം നെഞ്ചേറ്റി നടക്കുന്നവർ സഹായിക്കുമെന്ന് പറയുന്നത് ആക്രമിച്ച് കൊല്ലാനാണോ, നക്കിക്കൊല്ലാനാണോയെന്ന് മനസ്സിലാക്കാനും കൃത്യമായ നിലപാട് സ്വീകരിക്കാനും കഴിയണം. നിശബ്ദത സൃഷ്ടിക്കുന്ന ജനാധിപത്യം ജനാധിപത്യമല്ലെന്നും അത് വിധേയത്വമാണെന്നും മനസ്സിലാക്കി യോജിച്ച പോരാട്ടത്തിൽ അണിചേരണം.
പട്ടികവിഭാഗങ്ങളെ പ്രത്യേകം കാണുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. എസ്സി, എസ്ടി സംവരണം അതേരീതിയിൽ തുടരണമെന്നാണ് നിലപാട്. സംവരണത്തിന്റെ ഭാഗമാണ് സ്പെഷ്യൽ റിക്രൂട്ട്മെന്റ്. ഏതെങ്കിലും ഉദ്യോഗസ്ഥൻ മാറിയാൽ അതിന് മാറ്റം വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഡിഎഫ് പ്രസിഡന്റ് പി രാമഭദ്രൻ അധ്യക്ഷനായി.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, യുഡിഎഫ് കൺവീനർ എം എം ഹസൻ, ഡോ.എ നീലലോഹിതദാസ്, ഡോ.പുനലൂർ സോമരാജൻ, ബി സുഭാഷ് ബോസ്, ടി പി കുഞ്ഞുമോൻ, എസ് പ്രഹ്ളാദൻ, പി എം വിനോദ്, രാജൻ വെമ്പിളി, എസ് പി മഞ്ജു, രാമചന്ദ്രൻ മുല്ലശേരി, കെ രവികുമാർ, നെയ്യാറ്റിൻകര സത്യശീലൻ, ബാബു പട്ടംതുരുത്ത്, ഡി പ്രശാന്ത്, ചോലയിൽ വേലായുധൻ എന്നിവർ സംസാരിച്ചു.