ന്യൂഡൽഹി
പതിനഞ്ച് വർഷം പഴക്കമുള്ള വാഹനങ്ങൾ റീ രജിസ്റ്റർ ചെയ്യാൻ ഇനി ചെലവ് കൂടും. പഴകിയ പെട്രോൾ–- ഡീസൽ വാഹനങ്ങളുടെ പൊളിക്കൽ നയത്തിന്റെ ചുവടുപിടിച്ച് കേന്ദ്രസർക്കാർ റീ രജിസ്ട്രേഷൻ ഫീസ് എട്ടിരട്ടിയാക്കിയാണ് വർധിപ്പിച്ചത്. ഏപ്രിൽമുതൽ പുതുക്കിയ ഫീസ് നിലവിൽ വരും. കാറുകളുടേത് 600 രൂപയിൽനിന്ന് മൂവായിരമായും ഇരുചക്രവാഹനങ്ങൾക്ക് 300ൽനിന്ന് ആയിരമായും ഇറക്കുമതി ചെയ്ത കാറുകൾക്ക് 15,000ൽനിന്ന് 40,000 രൂപയുമായിട്ടാണ് വർധിപ്പിച്ചത്. പുതുക്കൽ വൈകിപ്പിക്കുന്ന സ്വകാര്യ വാഹനങ്ങൾക്ക് മാസം 300 രൂപ പിഴയും ഈടാക്കും. വാണിജ്യവാഹനങ്ങളുടെ പിഴ 500 രൂപയാണ്. കൂടാതെ, 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങൾ എല്ലാ അഞ്ചുവർഷം കൂടുമ്പോഴും രജിസ്ട്രേഷൻ പുതുക്കണം.
വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്നസ് നിരക്കും വൻതോതിൽ കൂട്ടി. ടാക്സി വാഹനങ്ങൾക്ക് ആയിരത്തിൽനിന്ന് ഏഴായിരമായും ബസ്, ട്രക്ക് തുടങ്ങിയവയ്ക്ക് 1500ൽനിന്ന് 12,500 ആയും വർധിപ്പിച്ചു. ഫീസ് വൻതോതിൽ വർധിപ്പിക്കുന്നത് പഴയ ഉടമകളെ വാഹനം പൊളിക്കാൻ പ്രേരിപ്പിക്കുമെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടൽ.