റിയാദ്> ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റിനെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നതായി കേളി കലാസാംസ്കാരിക വേദി. കേരളത്തിന്റെ ദീർഘകാല സമഗ്ര വികസനം മുൻനിർത്തിയുള്ള പദ്ധതികളാണ് ബജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നതെന്ന് കേളി സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിൽ പറഞ്ഞു.
വിദ്യാഭ്യാസമേഖലക്ക് 2546 കോടി, ആരോഗ്യമേഖലക്ക് 2629 കോടി, വ്യവസായ മേഖലക്ക് 1226 കോടി, ടൂറിസം വികസനത്തിന് നൂതന പദ്ധതികൾക്കായി 1000 കോടി, സയൻസ് പാർക്കുകൾ, പുതിയ ITപാർക്കുകൾ, നാല് ഐടി ഇടനാഴികൾ, സ്ത്രീകളുടേയും, കുട്ടികളുടേയും, ട്രാൻസ്ജെൻഡേഴ്സിന്റെയും ക്ഷേമത്തിനായി പ്രത്യേകം പദ്ധതികൾ, ലോകസമാധാന സമ്മേളനത്തിന് തുക നീക്കിവെച്ചത്, യുദ്ധക്കെടുതി മൂലം യുക്രൈനിൽ നിന്നും വന്ന വിദ്യാർത്ഥികളുടെ പഠനം തുടരാൻ സഹായിക്കുമെന്ന പ്രഖ്യാപനം എന്നിവ ബജറ്റിലെ ചില പ്രത്യേകതകളാണ്.
പ്രവാസികളുടെ കാര്യത്തിൽ സർക്കാർ എത്രമാത്രം പരിഗണന നൽകുന്നു എന്നതിന് ഉദാഹരണമാണ് ബജറ്റിൽ അനുവദിച്ച 147.51 കോടി രൂപ. കഴിഞ്ഞ വർഷം പ്രവാസി ക്ഷേമത്തിനായി ബജറ്റിൽ അനുവദിച്ചത് 130 കോടിയോളം രൂപയാണ്. കോവിഡ് മഹാമാരിക്കാലത്തും, പ്രളയാനന്തര കാലത്തും കേരളത്തിന്റെ ധനകാര്യ മേഖല മികച്ച രീതിയിൽ കൈകാര്യം ചെയ്ത് കേരളത്തിന്റെ കുതിപ്പിന് ആക്കം കൂട്ടുന്ന ഒരു വികസനോന്മുഖ ബജറ്റ് അവതരിപ്പിച്ച കേരള സർക്കാരിനെ അഭിനന്ദിക്കുന്നെന്നും കേളി പ്രസ്താവനയില് പറഞ്ഞു.